എഐയെ ഭയക്കേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല

നിര്‍മ്മിത ബുദ്ധിയെ ഭയപ്പെടേണ്ട കാര്യമില്ലന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല. എഐയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണ് നടക്കുന്നത്. സിഎന്‍ബിസിയുടെ ആന്‍ഡ്രു റോസ് സോര്‍കിന് നല്‍കിയ അഭിമുഖത്തിലാണ് നദെല ഇങ്ങനെ പറഞ്ഞത്. ന്യൂസ്ഫീഡില്‍ മാത്രമല്ല സമൂഹ മാധ്യമ ഫീഡുകളിലും എഐ ടച്ചുണ്ട്. ഓട്ടോ-പൈലറ്റ് എഐ യുഗത്തില്‍ നിന്ന് കോ-പൈലറ്റ് എഐ യുഗത്തിലേക്ക് ആണ് നാമിന്ന് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നോളജി വിദ?ഗ്ധരുടെ നിയന്ത്രണത്തില്‍ തന്നെയാണ് എഐ ഉള്ളത്. മനുഷ്യരാണ് അതിന്റെ നിയന്ത്രണമേറ്റെടുത്തിരിക്കുന്നത്. എഐയെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ തവണയും ഒരു പുതിയ വിനാശകരമായ സാങ്കേതികവിദ്യ ഉയര്‍ന്നുവരുമ്പോള്‍, തൊഴില്‍ വിപണിയില്‍ സംഭവിക്കാവുന്ന ”ചലനം” ഇവിടെയുമുണ്ടെന്ന് നദെല്ല പറഞ്ഞു. എഐ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെക്കാള്‍ വലിയ ഭീഷണിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ട് മനുഷ്യരാശി നേരിടുകയെന്ന് എഐയുടെ ഗോഡ്ഫാദര്‍മാരിലായ ജോഫ്രി ഹിന്റണ്‍ നേരത്തെ പറഞ്ഞിരുന്നു. എഐ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് അടുത്തിടെയാണ് ഹിന്റണ്‍ ഗൂഗിളില്‍ നിന്ന് രാജിവെച്ചത്.

ഹിന്റണിന്റ കണ്ടെത്തലുകളാണ് നിലവിലെ എഐ സംവിധാനങ്ങള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത്. 1986 ല്‍ ഡേവിഡ് റുമെല്‍ഹാര്‍ട്ട്, റൊണാള്‍ഡ് വില്യംസ് എന്നിവരുമായി ചേര്‍ന്ന് ഹിന്റണ്‍ ‘ലേണിങ് റെപ്രസെന്റേഷന്‍സ് ബൈ ബാക്ക് പ്രൊപ്പഗേറ്റിങ് ഇറേഴ്സ്’ എന്നൊരു പ്രബന്ധം എഴുതിയിരുന്നു. എഐയ്ക്ക് അടിസ്ഥാനമായ ന്യൂറല്‍ നെറ്റ്വര്‍ക്കുകളുടെ ഡവലപ്പ്‌മെന്റിലെ നാഴികകല്ലായാണ് ഈ പ്രബന്ധത്തെ കണക്കാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ എഐയ്ക്കായി പ്രവര്‍ത്തിച്ച് തുടങ്ങിയവരുടെ കൂട്ടത്തിലെ ഒരാളാണ് ഹിന്റണ്‍.

അതേസമയം തന്നെ എഐയുടെ വളര്‍ച്ച സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരുടെ കൂട്ടത്തിലും അദ്ദേഹമുണ്ട് എന്നത് ശ്രദ്ധയമാണ്. മനുഷ്യ ബുദ്ധിയെ മറികടന്ന് ഭൂമിയുടെ നിയന്ത്രണം തന്നെ എഐ ഏറ്റെടുത്തേക്കുമോ എന്നതാണ് ഹിന്റണ് ഉള്‍പ്പെടെയുള്ളവരുടെ സംശയം. കാലാവസ്ഥ വ്യതിയാനം വലിയ ഭീഷണിയാണെന്നും എന്നാല്‍ അടിയന്തിരമായി പരിഗണിക്കപ്പെടേണ്ട ഭീഷണി എഐയാണെന്നുമാണ് അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ പ്രയാസമില്ലെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീഷണി കൈകാര്യം ചെയ്യാന്‍ എന്തുചെയ്യണമെന്ന് യാതൊരു വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി എന്ന ലാംഗ്വേജ് മോഡലാണ് ചര്‍ച്ചയാകുന്നത്. നേരത്തേ എഐ മാനവരാശിയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി എലോണ്‍മസ്‌ക് ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യാരംഗത്തെ പ്രമുഖര്‍ ഒരു തുറന്ന കത്തെഴുതിയിരുന്നു.

Top