കേരളം ആശങ്കയില്‍; മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് സ്റ്റാലിന് കത്തയച്ച് സതീശന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തില്‍ ആശങ്ക വര്‍ധിച്ചെന്ന് വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാലുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വെ തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. ജില്ലയില്‍ കൂടുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്കാന്‍ തമിഴ്നാടിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 137.60 അടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 2637 ഘനയാടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തില്‍ വലിയ ആശങ്കയ്ക്ക് സാധ്യതയില്ല. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതാണ് വെള്ളത്തിന്റെ അളവ് കുറയാന്‍ കാരണം.

Top