ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും സന്ദര്‍ശിച്ച് വിഡി സതീശന്‍

ഹരിപ്പാട്: കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അനുനയചര്‍ച്ചകള്‍ക്ക് നേതാക്കളുടെ പൂര്‍ണ്ണപിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന നേതാക്കളെ അവരുടെ വീടുകളില്‍ ചെന്ന് സന്ദര്‍ശിച്ച് പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ആശവിനിമയത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിച്ച് ഒന്നിച്ചുമുന്നോട്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുകയോ അപമാനിക്കുകയോ അവര്‍ക്ക് പ്രയാസമുണ്ടാക്കുകയോ പാടില്ല അങ്ങനെയുണ്ടായിട്ടുണ്ടെന്ന് അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അതുകൂടി പരിഹരിച്ച് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ആത്മവിശ്വാസമുണ്ട്. രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ആ ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ആശയ വിനിമയത്തിലുണ്ടായ ചില പാളിച്ചകളാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ കഴിയില്ല. പ്രശ്‌നങ്ങള്‍ ഉണ്ട്. സംഘടനയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. തുടര്‍ച്ചയായുള്ള ചര്‍ച്ചകള്‍ അഭിപ്രായ സമന്വയത്തില്‍ എത്തിക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സതീശനുമായി സഹകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടും ചര്‍ച്ചകളുണ്ടാകും. ഉമ്മന്‍ചാണ്ടിയും താനും ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത് നല്ലതാണെന്നും കൂടുതല്‍ ച!ര്‍ച്ചകള്‍ നടക്കട്ടേയെന്നും പറഞ്ഞ ചെന്നിത്തല നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്നും അറിയിച്ചു.

Top