യു.ഡി.എഫ് നേതൃത്വത്തെ ‘തിരുത്തി’ സതീശന്‍ ! പഴയ വിജയം ഉണ്ടാകില്ലെന്ന്

യു.ഡി.എഫിന്റെ വിജയ സാധ്യത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അത്രയില്ലെന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ വി.ഡി.സതീശന്‍. താന്‍ യാഥാര്‍ത്ഥ്യമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. എത്ര സീറ്റ് ലഭിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലയെങ്കിലും കംഫര്‍ട്ടബിള്‍ മാര്‍ജനില്‍ യു.ഡി.എഫ് ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് സമാനമായ വിജയം യു.ഡി.എഫ് നേടുമെന്ന പ്രതിപക്ഷ നേതാക്കളുടെ വാദങ്ങളെ തിരുത്തുന്നതാണ് സതീശന്റെ ഈ നിലപാട്.

സര്‍ക്കാരിനെതിരായ ജനവികാരം ഏതറ്റം വരെ പോകുമെന്ന് ഒരു പൊട്ടന്‍ കണക്ക് ഇപ്പോള്‍ പറയാന്‍ തനിക്ക് പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ പറഞ്ഞാല്‍ തന്റെ വിശ്വാസ്യതയാണ് പോകുക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനും വിജയത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ഒരു ടീമായി തിരഞ്ഞെടുപ്പിനെ നേരിടും. കോണ്‍ഗ്രസ്സിനെ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്ന് നയിക്കും. ഭൂരിപക്ഷം കിട്ടിയാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്റാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. കോണ്‍ഗ്രസ്സ് എം.എല്‍.എമാരിലെ ഭൂരിപക്ഷ നിലപാടും മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമാകുമെന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തത് പോലും ഇങ്ങനെ ആയിരുന്നുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സമുദായ സംഘടനകള്‍ അവരുടെ സമുദായത്തിലെ പാവങ്ങളെ സഹായിക്കുകയാണ് ചെയ്യേണ്ടത്. അതല്ലാതെ വരേണ്യ വര്‍ഗ്ഗത്തിന്റെ ആളുകളായി നില്‍ക്കുകയല്ല വേണ്ടത്.

രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്ന് എം.എല്‍.എ ആരായിരിക്കണം, മന്ത്രി ആരായിരിക്കണം, പാര്‍ട്ടി പ്രസിഡന്റ് ആരായിരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് സമുദായ നേതാക്കളല്ല. അങ്ങനെയാണെങ്കില്‍ ഞാനൊന്നും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗം മുന്നണി വിട്ടത് യു.ഡി.എഫിന് ഒരിക്കലും തിരിച്ചടിയുണ്ടാക്കില്ല. അവര്‍ തോറ്റ സീറ്റില്‍ പോലും ജയിക്കാന്‍ ഇത്തവണ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ താന്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ച ജയിക്കില്ല എന്നറിയാമായിരുന്നത് കൊണ്ട് തന്നെയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും തന്നെ സഭയില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല.

ലൈഫ് മിഷനില്‍ നടന്നിരിക്കുന്നത് നാലേകാല്‍ കോടിയുടെയല്ല, ഒന്‍പതേ കാല്‍ കോടിയുടെ അഴിമതിയാണ്. 20 കോടി വിദേശത്ത് നിന്നും കിട്ടിയ പണത്തില്‍ നിന്ന് ഒന്‍പതേ കാല്‍ കോടി കമ്മിഷന്‍ കൊടുത്താല്‍ 46 ശതമാനം കമ്മിഷനായി. ഇത് ദേശീയ റെക്കോര്‍ഡാണ്. ബീഹാറില്‍ പോലും നടക്കാത്ത കമ്മിഷനാണ് കേരളത്തില്‍ നടക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. സ്വരാജ് അല്ല ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ടത്. സ്വരാജിന്റെ പ്രസംഗം അദ്ദേഹത്തിന്റെ രീതിയിലുള്ളതാണ്. എന്നാല്‍ മറ്റു മന്ത്രിമാരാരും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടില്ല. സ്വരാജിന്റെ പ്രസംഗം വിലയിരുത്താന്‍ താനാളല്ലെന്നും സതീശന്‍ പറഞ്ഞു.( രമ്യ എം.എം തയ്യാറാക്കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണാം )

Top