കസ്റ്റഡി മരണം; സാത്താങ്കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ചെന്നൈ: കസ്റ്റഡി മരണം നടന്ന തമിഴ്‌നാട്ടിലെ സാത്താങ്കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ തൂത്തുക്കുടി ജില്ലാ കളക്ടര്‍ക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

മജിസ്‌ട്രേറ്റ് തല അന്വേഷണത്തോട് പൊലീസ് നിസഹകരിച്ചതിനേത്തുടര്‍ന്നാണ് അസാധാരണ ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, കോടതിയുടെ ഭാഗത്തുനിന്ന് ഇത്രയധികം ഇടപെടല്‍ ഉണ്ടായിട്ടും കുറ്റക്കാരായ 13 പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഇതുവരെ നിയമപരമായ നടപടിക്ക് മുതിര്‍ന്നിട്ടില്ല. പൊലീസുകാരാണ് കുറ്റക്കാരെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടും അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംഭവം നടന്ന് ഏഴുദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടി ഉണ്ടായിട്ടില്ല.

നിലവില്‍ സാത്താങ്കുളം പൊലീസ് സ്റ്റേഷനില്‍ നിന്ന് മൂന്ന് കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ ഈ സ്റ്റേഷനില്‍ നടന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Top