ആദ്യ സാറ്റലൈറ്റായ ഖലീഫസാറ്റ് ഒക്‌റ്റോബര്‍ 29ന് ഭ്രമണപഥത്തിലേക്കയക്കും

ദുബായ്: യുഎഇയില്‍ തന്നെ പൂര്‍ണമായും നിര്‍മിച്ച ആദ്യ സാറ്റലൈറ്റായ ഖലീഫസാറ്റിന് ഒക്‌റ്റോബര്‍ 29ന്ഭ്രമണപഥത്തിലേക്കയക്കും. ദുബായ് കിരീടാവകാശി ഷേഖ് ഹംദന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനിലെ തനിഗാഷിമ സ്‌പേസ് സെന്ററില്‍ നിന്നായിരിക്കും ഖലീഫസാറ്റിന്റെ ലോഞ്ചിംഗ് നടക്കുന്നത്.

രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ലാണ് ഇത്. എമിറാറ്റി യുവത്വത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നതിന്റെ ഫലമാണ് ഇതെന്നും, ഇന്നൊവേഷന്‍, ടെക്‌നോളജി ,വികസനം തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും ഷേഖ് ഹംദന്‍ വ്യക്തമാക്കി.

ഖലീഫസാറ്റ് ലോഞ്ച് ചെയ്ത് കഴിഞ്ഞാല്‍ യുഎഇക്ക് 10 ബഹു ഉപയോഗ സാറ്റലൈറ്റുകള്‍ ഉണ്ടാകുമെന്നാണ് യുഎഇ സ്‌പേസ് ഏജന്‍സിയുടെ ഡയറക്റ്റര്‍ ജനറല്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ അബാബി നേരത്തെ വ്യക്തമാക്കിയത്. ഏകദേശം 22 ബില്ല്യണ്‍ എഇഡിയുടെ നിക്ഷേപമാണ് ബഹിരാകാശ മേഖലയില്‍ യുഎഇ ഇതോടെ നടത്തുന്നത്.

യുഎഇയുടെ ബഹിരാകാശ വ്യവസായത്തെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമായ നാഴികക്കല്ലാണ് ഖലീഫസാറ്റ്. വരുന്ന എമിറാറ്റി തലമുറകള്‍ക്ക് പ്രചോദനത്തിന്റെ വലിയ സ്രോതസ്സാണ് ഖലീഫസാറ്റ് വിക്ഷേപണമെന്നും , യുഎഇയില്‍ പൂര്‍ണമായും നിര്‍മിക്കുന്ന ആദ്യ സാറ്റലൈറ്റാണ് ഇതെന്നും ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. മുഹമ്മദ് പറഞ്ഞു.

Top