ശശിതരൂരിന്റെ മത്സരവും നാടകമോ ? ഭാരത യാത്രയ്ക്ക് പിന്നിലെ ‘തന്ത്രം’ അവിടെയും !

കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് നടക്കുന്നതെന്ന അഭ്യൂഹവും കൂടുതല്‍ ശക്തമാകുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത ജോഡോ യാത്രയും കോണ്‍ഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകരാണ് ഇത്തരം ഒരു സംശയം മുന്നോട്ട് വച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് 23 കലാപക്കൊടി ഉയര്‍ത്തിയ പശ്ചാത്തലം മാത്രമല്ല ബി.ജെ.പിക്ക് ദേശീയ തലത്തില്‍ ബദല്‍ കോണ്‍ഗ്രസ്സ് തന്നെയാണെന്ന് ജനങ്ങളെയും പ്രതിപക്ഷ പാര്‍ട്ടികളെയും ബോധ്യപ്പെടുത്തുന്നതിനുള്ള നീക്കം കൂടിയാണ് അണിയറയില്‍ നടന്നിരിക്കുന്നത്. രാഷ്ട്രിയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് ഇതിന്റെയെല്ലാം ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ചിരിക്കുന്നത്. അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ഭാരത യാത്രയും പ്രസിഡന്റ് തിരഞ്ഞെടുപ്പും ഹൈക്കമാന്റ് പ്രഖ്യാപിച്ചിരുന്നത്. പ്രധാന നേതാക്കള്‍ക്കു മാത്രമല്ലാതെ അണിയറയില്‍ നടന്നത് തിരക്കഥ ആയിരുന്നു എന്നത് മറ്റു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അറിയില്ലായിരുന്നു എന്നതാണ് പുറത്തു വരുന്ന വിവരം. രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പലവട്ടം സന്ദര്‍ശിച്ച തരൂര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലും പിടികൊടുത്തിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നതും ഭാരത യാത്ര നടത്തുന്നതും കോണ്‍ഗ്രസ്സിനെ സജീവമാക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കു പോലും മറിച്ചൊരു അഭിപ്രായമില്ല. എന്നാല്‍ ഇതെല്ലാം ലോകസഭ തിരഞ്ഞെടുപ്പില്‍ എത്രമാത്രം വോട്ടാകും എന്ന കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുലിനും എതിരെ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കിയതും രാഹുല്‍ ഗാന്ധിയുടെ ഭാരത യാത്രയ്ക്ക് മറ്റൊരു കാരണമാണ്. പ്രധാനമായും കോണ്‍ഗ്രസ്സ് അതല്ലങ്കില്‍ കോണ്‍ഗ്രസ്സ് നേത്രത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ തിരിച്ചു വരുമെന്ന സന്ദേശം കേന്ദ്ര സര്‍ക്കാറിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നല്‍കാനാണ് നെഹ്‌റു കുടുംബം പദയാത്രവഴി ലക്ഷ്യമിടുന്നത്. ഇതു പോലെ തന്നെ പാര്‍ട്ടിക്കകത്ത് കലാപക്കൊടി ഉയര്‍ത്തിയ നേതാക്കള്‍ക്കുള്ള ഒന്നാംതരം മറുപടി കൂടിയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം. തരൂരിന് ഗ്രൂപ്പ് 23 ന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കാത്തതും നെഹ്‌റു കുടുംബവുമായുള്ള തരൂരിന്റെ ‘അന്തര്‍ധാര’ വ്യക്തമായതിനാലാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കാത്തതും ബോധപൂര്‍വ്വമാണ്. അധികാര കൊതി, കുടുംബ വാഴ്ച എന്നീ ആരോപണങ്ങള്‍ക്ക് തടയിടാനാണ് ഈ മാറി നില്‍ക്കല്‍. പ്രതിച്ഛായ തന്നെയാണ് ലക്ഷ്യമെന്നതും വ്യക്തം.

കന്യാകുമാരി മുതല്‍ ജമ്മു കശ്മീര്‍ വരെ രാഹുല്‍ നടത്തുന്ന പദയാത്ര കൊണ്ട് കോണ്‍ഗ്രസ്സിന് പുത്തന്‍ ഉണര്‍വ്വും ആവേശവും ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. സംഘടനാ തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന ആക്ഷേപം തടയാനാണ് പ്രധാന എതിരിയായി ശശി തരൂരിനെ രംഗത്തിറക്കാന്‍ കാരണം. തരൂര്‍ അന്നും ഇന്നും നെഹ്‌റു കുടുംബത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിത്വമാണ്. ഗ്രൂപ്പ് 23-ല്‍ തരൂര്‍ എത്തിയത് തന്നെ നെഹ്‌റു കുടുംബത്തിന്റെ ചാരനായാണെന്ന് സംശയിക്കുന്നവരും ഏറെയാണ്. തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ നാഷണല്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവമായി നില്‍ക്കുന്ന വിഷയമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറിയിട്ടുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ജയിച്ചാലും തരൂര്‍ അട്ടിമറി ജയം നേടിയാലും കോണ്‍ഗ്രസ്സിന്റെ കടിഞ്ഞാണ്‍ നെഹ്‌റു കുടുംബത്തിന്റെ കൈവശം തന്നെയാകും. അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാകേണ്ടതില്ല.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പങ്കെടുപ്പിച്ചതും ബോധപൂര്‍വ്വമാണ്. യു.പി.എ ഘടക കക്ഷികള്‍ വിട്ടു പോകാതിരിക്കാനുള്ള തന്ത്രമാണിത്. മത നേതാക്കളെയും പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താന്‍ യാത്രക്കിടയിലും രാഹുല്‍ ഗാന്ധി ശരിക്കും ശ്രമിക്കുന്നുമുണ്ട്. ‘ഇത്തവണയില്ലങ്കില്‍ ഇനി ഒരിക്കലുമില്ല” എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുള്ള പ്രതിരോധമാണ് നെഹ്‌റു കുടുംബം നിലവില്‍ നടത്തുന്നത്. ശാരീരിക അവശതകള്‍ വകവയ്ക്കാതെ സോണിയ ഗാന്ധി ഉള്‍പ്പെടെ രാഹുലിന്റെ യാത്രയ്‌ക്കൊപ്പം അല്പസമയം നടന്നതും ഇത് ജീവന്‍മരണ പോരാട്ടമായി കണ്ടതു കൊണ്ടാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം സോണിയക്കും രാഹുലിനും മാത്രമല്ല മറ്റു കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുമുണ്ട്. അതു കൊണ്ട് തന്നെയാണ് കേന്ദ്രത്തില്‍ ബി.ജെ.പി ഇതര സര്‍ക്കാര്‍ വരുമെന്ന മുന്നറിയിപ്പ് പദയാത്രയിലൂടെ നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ശ്രമിക്കുന്നത്. അതേസമയം മോദി സര്‍ക്കാര്‍ വീണാല്‍ എല്ലാറ്റിനും പകരം ചോദിക്കുമെന്ന കോണ്‍ഗ്രസ്സ് മുന്നറിയിപ്പ് ഒരു തമാശയായി മാത്രം കാണാന്‍ ബി.ജെ.പിയും തല്‍ക്കാലം ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രി പദമോഹം മാറ്റി വച്ച് ബി.ജെ.പി ഇതര സര്‍ക്കാറിനായി എന്ത് വിട്ടുവീഴ്ചയും കോണ്‍ഗ്രസ്സ് ചെയ്യുമെന്നു തന്നെയാണ് സംഘപരിവാറിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെയാണ് കോണ്‍ഗ്രസ്സ് നേതാക്കളെ അടര്‍ത്തിയെടുക്കുന്ന പ്രവണത ഇപ്പോഴും ബി.ജെ.പി നേതൃത്വം തുടരുന്നത്.

രാഹുല്‍ ഗാന്ധി പദയാത്ര തുടങ്ങിയപ്പോള്‍ തന്നെ ഗോവയിലെ കോണ്‍ഗ്രസ്സിനെ പിളര്‍ത്തിയാണ് ബി.ജെ.പി യാത്രയ്ക്ക് മറുപടി നല്‍കിയിരുന്നത്. ഇത്തരം മറുപടികള്‍ ഇനിയും തുടരാന്‍ തന്നെയാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം. ഭാരത ജോഡോ യാത്ര വന്‍ വിജയമായാല്‍ സ്വന്തം പാര്‍ട്ടിക്കാരെയെങ്കിലും പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് കരുതുന്നത്. തമിഴ്‌നാട്, കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ലഭിച്ച വരവേല്‍പ്പ് ഉത്തരേന്ത്യയിലും ലഭിച്ചാല്‍ രാഹുലിന്റെ യാത്ര വന്‍ വിജയമാകും. മതേതര ചേരിക്കും അത് വലിയ ഉണര്‍വ്വാണ് നല്‍കുക. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ യാത്ര ജമ്മു കശ്മീരില്‍ എത്തുന്നതിനു മുന്‍പ് തന്നെ കനത്ത പ്രത്യാഘാതവും കോണ്‍ഗ്രസ്സ് നേരിടേണ്ടി വരും. അക്കാര്യവും ഉറപ്പാണ്.

                                                          EXPRESS KERALA VIEW

Top