ശബരിമലയിൽ പൊലീസിന് വൻ വീഴ്ച, ‘വില്ലത്തി’യെ ഹീറോയാക്കിയ മണ്ടത്തരം

sasikala

പത്തനംതിട്ട: വില്ലത്തിയായി ചിത്രീകരിക്കപ്പെട്ടിരുന്ന ഒരു സ്ത്രീയെ ഒറ്റ രാത്രി കൊണ്ട് ഹീറോയാക്കുന്ന ചരിത്രപരമായ മണ്ടത്തരമാണ് ശബരിമല സന്നിധാനത്ത് കേരള പൊലീസ് നടപ്പാക്കിയത്.

വര്‍ഗ്ഗീയ വിഷം ചീറ്റുന്ന നേതാവെന്ന ഇമേജ് പൊതുസമൂഹത്തിലുള്ള ഹിന്ദു ഐക്യവേദി നേതാവ് ശശികല ശബരിമല കയറുമ്പോള്‍ അറസ്റ്റ് ചെയ്ത നടപടി സംസ്ഥാന വ്യാപകമായി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയിരിക്കുകയാണ് സംഘ പരിവാര്‍ സംഘടനകള്‍.

ബി.ജെ.പി അംഗത്വ പ്രചരണവും ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനങ്ങളുമെല്ലാം ലക്ഷൃമിടുന്നതും രാഷ്ട്രീയ നേട്ടം തന്നെ.

സംസ്ഥാനത്ത് ബഹുഭൂരിപക്ഷം വരുന്ന അസംഘടിതരായ ഹിന്ദു സമൂഹത്തിലെ വലിയ വിഭാഗത്തെ കൂടെ നിര്‍ത്തുക എന്നതു തന്നെയാണ് സംഘ പരിവാറിന്റെ ലക്ഷ്യം. അതിന് അയ്യപ്പസ്വാമിയെ രാഷ്ട്രീയ ആയുധമായി നല്‍കുക എന്ന ചരിത്രപരമായ മണ്ടത്തരം സംസ്ഥാന സര്‍ക്കാറും സി.പി.എം നേതാക്കളും കാണിക്കുകയും ചെയ്തു.

ചെങ്കൊടിക്ക് വോട്ട് ചെയ്യുന്ന വിശ്വാസികളുടെ താല്‍പ്പര്യം കൂടി പരിഗണിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയില്‍ തന്ത്രപരമായ അടവു നയം സി.പി.എമ്മിന് ഇവിടെ സ്വീകരിക്കാമായിരുന്നു. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് നല്‍കാന്‍ പോകുന്ന വിധി നടപ്പാക്കാന്‍ സാവകാശം ചോദിച്ചുള്ള ഹര്‍ജി നേരത്തെ തന്നെ ആവാമായിരുന്നു.

വിശ്വാസ മനസ്സുകളെ സംഘപരിവാര്‍ ഉഴുതുമറിച്ച് പാകപ്പെടുത്തിയ ശേഷം സ്വീകരിക്കുന്ന നടപടികള്‍ കാവി രാഷ്ട്രീയത്തിനാണ് വിളവെടുപ്പു നല്‍കുക എന്നത് തിരിച്ചറിയണമായിരുന്നു. ശശികല ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയാല്‍ തീരുന്ന പ്രശ്‌നമല്ല ശബരിമലയിലേത്. ഏതെങ്കിലും യുവതി ശബരിമല ദര്‍ശനത്തിനു വന്നാല്‍ അവരെ പ്രതിരോധിക്കാന്‍, അവിടെ വരുന്ന ഒരു സാധാരണ അയ്യപ്പഭക്തന്‍ വിചാരിച്ചാല്‍ തന്നെ നടക്കും എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം.

വിശ്വാസി സമൂഹത്തിനിടയില്‍ തീപ്പൊരി വീണാല്‍ അത് ആളിക്കത്തുക സ്വാഭാവികമാണ്. ഇവിടെയാണ് ശബരിമല ദര്‍ശനത്തിനായി എന്ന പേരില്‍ കേഡര്‍മാരെ വിന്യസിച്ച് ആര്‍.എസ്.എസ് ഒരു മുഴം മുന്‍പേ കളം പിടിച്ചിരിക്കുന്നത്. നതാക്കളുടെ അറസ്റ്റ് മുന്‍കൂട്ടി അവര്‍ പ്രതീക്ഷിച്ചിരുന്നു എന്നതിന്റെ ഉദാഹരണമാണ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലും പൊലീസ് സ്റ്റേഷന്‍ വളയലും.

പൊലീസ് കസ്റ്റഡിയിലും ഇരുമുടിക്കെട്ടേന്തി, തന്റെ വിശ്വാസത്തെ പൊലീസും സര്‍ക്കാറും ഹനിച്ചെന്ന് പറയുന്ന ശശികല ടീച്ചറുടെ വാദവും പിന്‍മാറില്ലെന്ന ഉറച്ച നിലപാടും ദേശീയ തലത്തില്‍ തന്നെ ഇപ്പോള്‍ വലിയ വാര്‍ത്തയായി കഴിഞ്ഞു.

കേരളത്തിലെ പൊതു സമൂഹത്തിനിടയില്‍ ശശികല ടീച്ചറും പൊലീസ് നടപടിയും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അമ്പരന്ന് നില്‍ക്കുന്നത് സി.പി.എം മാത്രമല്ല പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് നേതാക്കളും കൂടിയാണ്.

സംഘപരിവാറുകാരെ ജനകീയരാക്കുന്ന നിലപാടാണ് സി.പി.എമ്മും ഇടതു സര്‍ക്കാറും സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരോപിക്കുന്നത്.

റിപ്പോര്‍ട്ട്: എ.റ്റി അശ്വതി

Top