ശശികലയുടെ മോചനം; ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് ജയില്‍ അധികൃതര്‍

ചെന്നൈ: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയുടെ ജയില്‍ മോചനം ഉടനുണ്ടാകുമെന്ന് അഭിഭാഷകന്‍. ശിക്ഷായിളവ് പരിഗണിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. നാല് മാസത്തെ ശിക്ഷായിളവിനാണ് ശശികല അപേക്ഷ നല്‍കിയിരുന്നത്. ഈ മാസം അവസാനത്തോടെ മോചനമുണ്ടാകുമെന്ന് ശശികലയുടെ അഭിഭാഷകന്‍ പറയുന്നു.

ശിക്ഷായിളവ് ജയില്‍ അധികൃതര്‍ അംഗീകരിച്ചെന്നും ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്നുമാണ് ശശികലയുടെ അഭിഭാഷകന്റെ പ്രതികരണം. തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വി കെ ശശികലയുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നത്. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയില്‍ ശശികല അടച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. നാല് വര്‍ഷം തടവ് ജനുവരി 27 ന് പൂര്‍ത്തിയാവും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം രൂപ ബംഗ്ലൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ശശികലയുടെ അഭിഭാഷകന്‍ അടച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.

Top