sasikala plan to visit president-seek help to rahul gandhi

ചെന്നൈ: ശശികലയെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലങ്കില്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കാനുള്ള അണ്ണാഡിഎംകെ നീക്കത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടക്കുന്നത് തിരക്കിട്ടുള്ള കരുനീക്കങ്ങള്‍.

വ്യാഴാഴ്ച ചെന്നെയിൽ എത്തുന്ന ഗവർണറെ ശശികല കാണുന്നുണ്ട്. കൂടികാഴ്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലങ്കിലാണ് ഡൽഹി യാത്ര. ഇതിന് മുന്നോടിയായി ഗവർണർക്കു മേൽ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ട് 13 അണ്ണാ ഡിഎംകെ എംപിമാർ രാഷ്ട്രപതിയെ കാണും.

ഗവര്‍ണര്‍ നിയമോപദേശം തേടി സത്യപ്രതിജ്ഞ വൈകിക്കുന്ന പശ്ചാതലത്തില്‍ രാഷ്ട്രപതിയെ കണ്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് അണ്ണാ ഡിഎംകെ നേതൃയോഗം തീരുമാനിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ ചില നീക്കങ്ങളും അണിയറയില്‍ നടത്തുന്നുണ്ട്. നിലവില്‍ ഡിഎംകെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്സെങ്കിലും ‘അനിവാര്യമായ’സ്ഥലത്ത് നിന്ന് ഒരിടപെടലുണ്ടാകാന്‍ രാഹുല്‍ വിചാരിച്ചാല്‍ നടന്നേക്കുമെന്നാണ് കണക്ക് കൂട്ടല്‍.

അതേസമയം തമിഴ്‌നാട് സ്ഥിതിഗതികള്‍ സംബന്ധമായി ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെ കേന്ദ്ര സര്‍ക്കാരും ഗൗരവമായാണ് വീക്ഷിക്കുന്നത്.

പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് പ്രത്യേക ബസുകളില്‍ 131 അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൊണ്ട് പോയി നക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ചത് സംബന്ധമായ ഐബി റിപ്പോര്‍ട്ടും കേന്ദ്രത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ കാവല്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വം ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ മാത്രമാണ് ശശികലക്കൊപ്പം നില്‍ക്കാത്തതെങ്കിലും അട്ടിമറി സാധ്യത തള്ളികളയാന്‍ സാധിക്കാത്തതാണ്. വിശ്വാസവോട്ടും അതിന് ശേഷം ഏതെങ്കിലും ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിക്കേണ്ടതും ശശികലയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. എംഎല്‍എമാരെ ആരും ‘റാഞ്ചാ’തിരിക്കാനാണ് ഇപ്പോഴത്തെ മുന്‍കരുതല്‍

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടും അവിഹിത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കുന്നതുമാണ് സത്യപ്രതിജ്ഞ നീട്ടിവയ്ക്കാന്‍ ഗവര്‍ണറെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ശശികലയുടെ സ്ഥാനാരോഹണത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അലയടിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിനേയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത കേന്ദ്ര സര്‍ക്കാറിന് സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ അണ്ണാ ഡിഎംകെ എംപിമാരുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ തൽക്കാലം ശശികലക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരമൊരുക്കണമെന്ന അഭിപ്രായവും ചില നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.

എന്നാല്‍ ഈ പിന്തുണക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്താല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയം ബി ജെ പി കേന്ദ്ര നേതാക്കള്‍ക്കുണ്ട്.

ശശികല തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയിക്കാന്‍ സാധ്യതയില്ലന്നും അതുവരെയുള്ള മുഖ്യമന്ത്രി പദം വഹിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയുകയുള്ളുവെന്നാണ് തമിഴ്‌നാട്ടിലെ പല പ്രമുഖ നേതാക്കളും നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

രാഷ്ട്രീയപരമായി ജയലളിതയുടെ സഹോദര പുത്രി ദീപക്കൊപ്പം നില്‍ക്കുന്നതാണ് ബുദ്ധിയെന്ന നിലപാടും ബി ജെ പി നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ 24ന് ദീപ പ്രഖ്യാപിക്കുന്ന പുതിയ പാര്‍ട്ടിയിലേക്ക് വന്‍ ഒഴുക്ക് തന്നെ അണ്ണാ ഡിഎംകെ അണികളില്‍ നിന്ന് ഉണ്ടാകുമെന്നാണ് പൊതുവിലയിരുത്തല്‍.

ജയലളിതയുടെ മരണം സംബന്ധമായി അന്വേഷണം നടത്തേണ്ടതില്ലന്ന ശശികലയുടെ നിലപാടിനെതിരെയും പ്രതിഷേധം വ്യാപകമായിട്ടുണ്ട്. വ്യാഴാഴ്ച സംസ്ഥാനത്തെത്തുന്ന ഗവർണർ നിലപാട് മാറ്റുമോയെന്നാണ് തമിഴകമിപ്പോൾ ഉറ്റുനോക്കുന്നത്.

അതേസമയം തമിഴ്നാട്ടിൽ യാതൊരു കുതിര കച്ചവടവും അനുവദിക്കില്ലന്ന് ഗവർണ്ണർ സി വിദ്യാസാഗർ റാവു പറഞ്ഞു.മുംബൈയിൽ ഒരു പൊതു ചടങ്ങിനിടെയായിരുന്നു പ്രതികരണം.

പനീർശെൽവം യോഗ്യതയില്ലാത്തവനല്ലന്നും അദ്ദേഹത്തിന് രാഷ്ട്രീയ പരിചയമുണ്ടെന്നും ഗവർണ്ണർ കൂട്ടി ചേർത്തു.

Top