പാര്‍ട്ടി കൊടി വച്ച കാറില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ചിന്നമ്മ എത്തി

ചെന്നൈ: വിപുലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വി.കെ. ശശികല തമിഴ്നാട്ടില്‍. എ.ഐ.എ.ഡി.എം.കെ.യുടെ കൊടിവെച്ച കാറിലാണ് ശശികല എത്തിയത്. ബംഗളൂരുവില്‍ നിന്ന് രാവിലെ ഏഴരയോടെ പുറപ്പെട്ട ശശികലയ്ക്ക് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ(എ.എം.എം.കെ.) നേതൃത്വത്തില്‍ വന്‍ വരവേല്‍പ് ഏര്‍പ്പെടുത്തിയിരുന്നു.

എ.ഐ.എ.ഡി.എം.കെ.യുടെ കൊടി വാഹനത്തില്‍ ഉപയോഗിക്കരുതെന്ന് കൃഷ്ണഗിരി പൊലീസ് ശശികലയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ശശികലയുടെ വാഹനത്തെ അനുഗമിക്കുന്നത് അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസിന്റെ ഇത്തരം നിര്‍ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കൊടിയുമായി ബന്ധപ്പെട്ട പ്രശ്നം നിയമപരമായി നേരിടുമെന്നും ശശികലയുടെ അഭിഭാഷകന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ അറിയിച്ചു.

എ.ഐ.എ.ഡി.എം.കെയുടെ കാറിലായിരിക്കും ശശികലയുടെ യാത്രയെന്ന് എഎംഎംകെ നേതാവ് ടി ടി വി ദിനകരന്‍ അറിയിച്ചിരുന്നു. കോവിഡ് ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടപ്പോഴും ജയലളിത ഉപയോഗിച്ചിരുന്ന എ.ഐ.എ.ഡി.എം.കെ. കൊടിവെച്ച കാറാണ് ശശികല ഉപയോഗിച്ചത്. പാര്‍ട്ടി കൊടി ഉപയോഗിക്കുന്നതിനെതിരേ എ.ഐ.എ.ഡി.എം.കെ. നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ശശികലയുടെ തിരിച്ചുവരവിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ റോയപ്പേട്ടിലുള്ള എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്തിനുള്ള പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. എം.ജി.ആറിന്റെ രാമാപുരത്തുള്ള വസതിക്ക് സമീപം എ.ഐ.എ.ഡി.എം.കെ. കൊടി ഉയര്‍ത്താനും പദ്ധതിയുണ്ട്. എന്നാല്‍ ഇതിനെതിരേ എം.ജി.ആറിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

എ.ഐ.എ.ഡി.എം.കെ. നേതൃത്വം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനവും ശശികല നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൊസൂരില്‍ അടക്കം സ്വീകരണ പരിപാടി നടക്കുന്നിടങ്ങളില്‍ എ.എം.എം.കെ. കൊടികളാണ് സ്ഥാപിച്ചിരിക്കുന്നത്. സഹോദരന്റെ മകളായ കൃഷ്ണപ്രിയയുടെ ടി.നഗറിലുള്ള വീട്ടിലാകും ശശികല താമസിക്കുക.

 

Top