sasikala likely to fast soon before secatrait

ചെന്നൈ: തമിഴ്നാട്ടില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ പുതിയ നീക്കവുമായി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല.

ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സി വിദ്യാസാഗറിന്റെ തീരുമാനം ഉണ്ടായില്ലെങ്കില്‍ രാജ്ഭവന് മുന്നിലോ മറീന ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം നിരാഹാരസമരം നടത്താനാണ് ശശികലയുടെ തീരുമാനമെന്നാണ് സൂചന.

അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചെന്നൈയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്ഭവന്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ശശികല എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലേക്ക് പ്രകടനമായെത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണിത്.

അതേസമയം, രാഷ്ട്രീയമായി കൂടുതല്‍ കരുത്താര്‍ജിക്കുന്ന ഒ.പനീര്‍സെല്‍വത്തിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍സെല്‍വത്തിന് അവസരം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് ശശികലയ്ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി പനീര്‍സെല്‍വം രംഗത്തെത്തിയതെന്ന അഭ്യൂഹങ്ങള്‍ ആദ്യം മുതലെ ശക്തമായി പ്രചരിച്ചിരുന്നു. അതിനിടെ, പ്രശ്നപരിഹാരത്തിന് നിയമസഭാ സമ്മേളനം വിളിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ഡിഎംകെയും സിപിഐഎമ്മും ആവശ്യപ്പെട്ടു.

Top