ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ശശികലയ്ക്ക് പരോള്‍ അനുവദിച്ചു

ചെന്നൈ: തടവില്‍ കഴിയുന്ന അണ്ണാഡിഎംകെ വിമതനേതാവ് വി.കെ.ശശികലയ്ക്ക് ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് പരോള്‍ അനുവദിച്ചു. ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷ നല്‍കിയത്. ചൊവ്വാഴ്ച രാവിലെയോടെ ശശികല ജയില്‍മോചിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈയിലെ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയാണ് ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍(76) അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കരള്‍, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ച മുമ്പാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചത്. മാറ്റിവച്ച വൃക്കയും കരളും പ്രവര്‍ത്തനരഹിതമാവുകയും ശ്വാസകോശ അണുബാധ മൂര്‍ച്ഛിക്കുകയും ചെയ്തിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയെ പാര്‍പ്പിച്ചിരിക്കുന്നത്. ഒക്ടോബറില്‍ നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ശശികലയ്ക്ക് അഞ്ചുദിവസം പരോള്‍ അനുവദിച്ചിരുന്നു.

Top