വര്‍ഗീയത പ്രചരിപ്പിക്കുന്നു ; ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍. ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു. അവര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന് സര്‍ക്കാരിന് ഒരു വാശിയും ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ മല കയറുമായിരുന്നുവെന്നും അത് ആര്‍ക്കും തടയാനും ആകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ നിരോധനാജ്ഞ തുടരും. ശബരിമലയില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹിക വിരുദ്ധരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ ഒരാളാണ് തന്ത്രിയെന്നും തന്ത്രിമാര്‍ അച്ചടക്ക നടപടിയ്ക്ക് വിധേയരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തന്ത്രിയ്ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ലെന്നും എന്നാല്‍ തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ ബോര്‍ഡിന് അവകാശമുണ്ടെന്നും അതനുസരിച്ചാണ് വിശദീകരണം തേടിയതെന്നും തന്ത്രിയുടെ വിശദീകരണം ബോര്‍ഡ് പരിശോധിച്ച് വരികയാണെന്നും കടകംപള്ളി വ്യക്തമാക്കി.

Top