sasikala camp-aiadmk-30-mla-s-in-fasting

ചെന്നൈ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ശശികല ക്യാംപില്‍ വിള്ളലുണ്ടായതായി റിപ്പോര്‍ട്ട്.

രഹസ്യകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന 129 എംഎല്‍എമാരില്‍ 30 പേര്‍ ഉപവാസസമരം ആരംഭിച്ചതായാണു വിവരം. സ്വന്തമായി നിലപാടെടുക്കാന്‍ അനുവദിക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം. ഇവര്‍ ഡിഎംകെയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

എംഎല്‍എമാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പുതിയ വഴിത്തിരിവ്.

എംഎല്‍എമാര്‍ പലരും പ്രതിഷേധത്തിലെന്ന് പനീര്‍ശെല്‍വം ക്യാമ്പും ആരോപിച്ചു. ഇവരെ പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ല എന്നാണ് ആരോപണം. ഫോണ്‍ ഇന്റര്‍നെറ്റ് ബന്ധങ്ങളും വിച്ഛദിച്ചിരിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.തടഞ്ഞ് വെച്ചത് തെളിഞ്ഞാല്‍ ഗവര്‍ണര്‍ എല്ലാ എംഎല്‍എമാരെയും വിളിച്ച് വരുത്തിയേക്കും.

പനീര്‍ശെല്‍വം ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ എംഎല്‍എമാരെ വിവിധ ഹോട്ടലുകളിലും റിസോട്ടുകളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. മറ്റുള്ളവരുമായി ബന്ധപ്പെടരുതെന്ന് എംഎല്‍എമാര്‍ക്ക് ശശികലയും അവര്‍ക്കൊപ്പമുള്ള മുതിര്‍ന്ന നേതാക്കളും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പനീര്‍ശെല്‍വവുമായി ആരെങ്കിലും ടെലിഫോണ്‍ വഴിയോ ദൂതന്മാര്‍ മുഖേനയോ ബന്ധപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കര്‍ശന നിരീക്ഷണത്തിലാണെങ്കിലും ഒരു എംഎല്‍എ ഇന്നലെ ‘രക്ഷപ്പെട്ട്’ പുറത്തെത്തിയിരുന്നു.

തടവില്‍ കഴിയുന്ന എംഎല്‍എമാരോ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച്ച സാമൂഹ്യപ്രവര്‍ത്തകന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ എല്ലാവരും സ്വതന്ത്രരാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതേതുടര്‍ന്ന് കോടതി ഹര്‍ജി തള്ളി.

എംഎല്‍എമാരെ തടവിലിട്ടിരിക്കുകയാണെന്ന് വ്യാഴാഴ്ച്ച ഗവര്‍ണറെ കണ്ട പനീല്‍ശെല്‍വവും പരാതിപ്പെട്ടിരുന്നു. ശശികലയ്ക്ക് പിന്തുണ നല്‍കികൊണ്ടുള്ള എംഎല്‍എമാരുടെ ഒപ്പുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്നും ഒപിഎസ് ആരോപിച്ചിട്ടുണ്ട്. ഒപിഎസ്സിന്റെ ആവശ്യത്തില്‍ ഒപ്പുകളുടെ ആധികാരികത ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ അണ്ണാഡിഎംകെ നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും അറിയുന്നു.

129 അണ്ണാഡിഎംകെ എംഎല്‍എമാരാണ് നിലവില്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുന്നത്. തമിഴ്‌നാട് നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണ വേണം കേവല ഭൂരിപക്ഷത്തിന്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് കഴിയുമെന്നാണ് വ്യഴാഴ്ച്ച ഗവര്‍ണറെ കണ്ട ശശികല അവകാശപ്പെട്ടിരുന്നത്.

ഒ പനീര്‍ശെല്‍വത്തെ മാറ്റി ശശികല മുഖ്യമന്ത്രിയാകാന്‍ നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയഭരണ പ്രതിസന്ധിയ്ക്ക് കാരണം. ശശികലയ്‌ക്കെതിരെ തുറന്നടിച്ച് ഒ പനീര്‍ശെല്‍വം രംഗത്തെത്തിയതോടെയാണ് അണ്ണാ ഡിഎംകെയിലെ കലാപം പരസ്യമായത്. മുഖ്യമന്ത്രി സ്ഥാനം തന്നെ നിര്‍ബന്ധിപ്പിച്ച് രാജി വെപ്പിച്ചതാണെന്ന് ആരോപിച്ച പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിനില്‍ക്കെ തനിക്കെതിരെ തികച്ചും അപ്രതീക്ഷിതമായി രംഗത്തെത്തിയ ഒ. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കി. തുറന്ന പോര് തുടരുന്നതിടെയാണ് ഇരുവരും വ്യാഴാഴ്ച്ച ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഗവര്‍ണറുടെ തീരുമാനമാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുക.

Top