സ്വന്തം അഭിപ്രായം പറയാന്‍ പാര്‍വതിക്ക് അവകാശമുണ്ട്; താരങ്ങള്‍ പിന്തുണയ്ക്കണം: ശശി തരൂര്‍

തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതിക്കെതിരെ നടക്കുന്ന പ്രചാരണത്തിനെതിരെ ശശി തരൂര്‍ എം.പി രംഗത്ത്.

പാര്‍വതിക്ക് പിന്തുണ നല്‍കി മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ രംഗത്തുവരണമെന്നും താന്‍ പാര്‍വതിയ്ക്ക് ഉറച്ച പിന്തുണ നല്‍കുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

പാര്‍വതി ഉന്നയിച്ച വിഷയങ്ങളില്‍ പൊതു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടു വരണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

‘ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. സിനിമയെ സംബന്ധിച്ച് സ്വന്തം അഭിപ്രായം പറയാന്‍ പാര്‍വതിക്ക് അവകാശമുണ്ട്, ബലാത്സംഗ ഭീഷണിയും വധഭീഷണിയും നേരിടാതെ തന്നെ. സിനിമയിലെ മുതിര്‍ന്ന താരങ്ങള്‍ പാര്‍വതിക്ക് പിന്തുണ നല്‍കുകയും, അവര്‍ ഉന്നയിച്ച വിഷയങ്ങളില്‍ പൊതു ചര്‍ച്ച നടത്തുകയും വേണം’ തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് തരൂര്‍ പാര്‍വതിയെ പിന്തുണച്ച് രംഗത്തെത്തിയത്.

മമ്മൂട്ടിയുടെ കസബ സിനിമയിലെ ഒരു രംഗം സ്ത്രീവിരുദ്ധമാണെന്ന പാര്‍വതിയുടെ പരാമര്‍ശമാണ് വിവാദമായത്.

ഇതിന് പിന്നാലെ പാര്‍വതിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുകൊണ്ടും സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പാര്‍വതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Top