ടിപ്പു സുല്‍ത്താനെ ഓര്‍ക്കാന്‍ ഇമ്രാന്‍ഖാന്‍ വേണ്ടി വന്നു; ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍

ന്യൂഡല്‍ഹി: പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ പ്രശംസിച്ച് ട്വീറ്റ് ചെയ്ത ശശി തരൂര്‍ വിവാദത്തില്‍. ടിപ്പു സുല്‍ത്താനെ ആദരിച്ചു കൊണ്ടുള്ള ഇമ്രാന്‍ ഖാന്റെ ട്വീറ്റിനെ പ്രശംസിച്ച തരൂര്‍ ട്വീറ്റിനടിയില്‍ മറുപടി നല്‍കുകയായിരുന്നു.

ടിപ്പുസുല്‍ത്താനോടുള്ള തന്റെ ആരാധനയെക്കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ മേയ് നാലിനാണ് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്. അടിമത്തത്തെക്കാള്‍ നല്ലത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദര്‍ശം തന്നെ സ്വാധീനിച്ചെന്ന തരത്തിലാണ് ഇമ്രാന്റെ പോസ്റ്റ്. ഇതിന് പ്രതികരണമെന്ന നിലയിലാണ് ശശി തരൂരിന്റെ ഇന്നലത്തെ ട്വീറ്റ്.

‘ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് അറിയാനുള്ള ഇമ്രാന്‍ ഖാന്റെ താല്‍പര്യം ആത്മാര്‍ത്ഥമാണ്, എനിക്ക് നേരിട്ടറിയാം. അദ്ദേഹം വായിക്കുകയും കരുതല്‍ വെക്കുകയും ചെയ്യുന്നുണ്ട്. മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഒരു പാക്ക് നേതാവ് വേണ്ടി വന്നു എന്നത് അപ്പോഴും നിരാശാജനകമാണ്.’ ഇതായിരുന്നു തരൂരിന്റെ ട്വീറ്റ്.

സംഭവത്തിന് പിന്നലെ ശശി തരുരിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തരൂരിനും കോണ്‍ഗ്രസിനും പാക്ക് ബന്ധമുണ്ടെന്നാരോപിച്ചാണ് വിമര്‍ശനങ്ങള്‍ എത്തുന്നത്.

Top