മികച്ച ഹിന്ദി പ്രാസംഗികനാണ് മോദി, എന്നാല്‍ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശബ്ദനാകും; തരൂര്‍

tharoor

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ഹിന്ദി പ്രാസംഗികനാണെന്ന വിമര്‍ശനവുമായ് ശശി തരൂര്‍ എം.പി. മോദി വളരെ നല്ല ഹിന്ദി പ്രാസംഗികനാണെന്നും എന്നാല്‍ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുമ്പോള്‍ അദ്ദേഹം നിശബ്ദനാകുമെന്നും തരൂര്‍ പറയുന്നു.

പൊതുജന മധ്യത്തില്‍ ഏറെ പുരോഗമനമെന്ന് തോന്നിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുമായി തികച്ചും സങ്കുചിതമായ മാര്‍ഗങ്ങളാണ് പ്രയോഗിക്കുന്നതെന്നും ശശി തരൂര്‍ ആരോപിച്ചു.

വിരോധാഭാസമാണ് മോദിയുടെ നേതൃത്വത്തിന്റെ അടിസ്ഥാനം. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ഹിന്ദി പ്രാസംഗികന്‍ മോദിയാണ്. തന്റെ ധാര്‍മികത ചോദ്യം ചെയ്യപ്പെടുമ്പോള്‍ മോദി നിശബ്ദനാകുന്നു. അദ്ദേഹം തന്റെ ശബ്ദം ക്രമീകരിക്കുന്നു. നാടകീയമായ ചേഷ്ടകള്‍ കാണിക്കുന്നുവെന്നും തരൂര്‍ പറയുന്നു

മുഹമ്മദ് അഖ്‌ലാക്കിന്റെയും രോഹിത് വെമുലയുടെയും ജുനൈദ് ഖാന്റെയും കുടുംബാംഗങ്ങളുടെ വേദന പങ്കുവെക്കുന്ന ഒരു ശബ്ദത്തിനായി രാജ്യം തേങ്ങുമ്പോള്‍ എന്തുകൊണ്ട് മോദിക്ക് സംസാരിക്കാനാവുന്നില്ല. ഇത്തരത്തിലുള്ള ഒരു സംഭവവും അദ്ദേഹത്തെ ബാധിക്കുന്നില്ല. എപ്പോഴും പൂര്‍ണമായ നിശബ്ദത മാത്രമാണെന്നും തരൂര്‍ പരിഹസിച്ചു.

Top