sasi tharoor – jnu – abvp

ഇന്‍ഡോര്‍: നരേന്ദ്രമോദി സര്‍ക്കാര്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ എബിവിപി ബ്രേക്ക് ഇന്‍ ഇന്ത്യ പ്രചാരണമാണ് നടത്തുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുച്ചെന്ന വിവാദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥി സംഘടനാ നേതാവ് കനയ്യ കുമാറിന് എതിരെയുള്ള രാജ്യദ്രോഹ കുറ്റം സര്‍ക്കാര്‍ പിന്‍വലിക്കുകയും ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുകയും ചെയ്യണം. അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ ഈ പ്രശ്‌നത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

സദ്ഭരണം നടത്തുമെന്ന ബിജെപിയുടെ വാഗ്ദാനത്തെ ഓര്‍മിപ്പിച്ചു കൊണ്ട് ഡല്‍ഹി കോടതി പരിസരത്തു വച്ച് വിദ്യാര്‍ത്ഥികളെ തല്ലിചതച്ചത് വഴി എന്ത് തരത്തിലുള്ള സദ്ഭരണമാണിതെന്നും തരൂര്‍ കുറ്റപ്പെടുത്തി.

കുട്ടികള്‍ പറയുന്ന മണ്ടത്തരം കൊണ്ട് നശിച്ചുപോകാന്‍ മാത്രം അശക്തമല്ല നമ്മുടെ രാജ്യം. സര്‍വകലാശാലകളുടെ സ്വയംഭരണം കോട്ടമില്ലാതെ തന്നെ നില്‍ക്കും. ദേശസ്‌നേഹത്തിന്റെ കുത്തക ആര്‍ക്കും അവകാശപ്പെടാന്‍ ആവില്ല. നമ്മളെല്ലാം ദേശസ്‌നേഹികളാണ് അദ്ദേഹം പറഞ്ഞു.

Top