കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നത് ടുക്‌ഡേ ടുക്‌ഡേ ഗ്യാങ്; വിമര്‍ശനവുമായി തരൂര്‍

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ അടക്കം നിരന്തരം ആരോപിക്കുന്ന ടുക്‌ഡേ ടുക്‌ഡേ ഗ്യാങാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നതെന്നും രാജ്യത്തെ വിഘടിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍.സോഷ്യല്‍ മീഡിയയിലും ബിജെപിയുടെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ പ്രയോഗിച്ച് കണ്ട ടുക്‌ഡേ ടുക്‌ഡേ ഗ്യാങ് ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിവരാവകാശവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് ശശി തരൂരിന്റെ വിമര്‍ശനം.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാകേത് ഗോഖലെ 2019 ഡിസംബര്‍ 26ന് സമര്‍പ്പിച്ച അപേക്ഷയ്ക്ക് ആഭ്യന്തരമന്ത്രാലയം നല്‍കിയ മറുപടിയില്‍ ”ടുക്‌ഡേ ടുക്‌ഡേ!! ഗ്യാങ്ങിനെക്കുറിച്ച് കേന്ദ്രഅഭ്യന്തരമന്ത്രാലയത്തിന് അറിവില്ല” എന്നായിരുന്നു.

2016ല്‍ ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രയോഗിച്ചുവെന്ന വിവാദം ഉയര്‍ന്ന കാലം മുതലാണ് ടുക്‌ഡേ ടുക്‌ഡേ ഗ്യാങ് എന്ന പദപ്രയോഗം വ്യാപകമാവുന്നത്. ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളെ സൂചിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ അടക്കം ഉപയോഗിക്കുന്ന പദമാണ് ടുക്‌ഡേ ടുക്‌ഡേ ഗാങ്ങ്. കനയ്യ കുമാര്‍, ഷെഹ്ല റാഷിദ്, ഉമര്‍ ഖാലിദ് എന്നിവരെയെല്ലാം ആക്രമിക്കാന്‍ ഈ പദം വ്യാപകമായി ഉപയോഗിക്കാറുണ്ട്. സമീപകാലത്തായി കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന ആരെയും ഈ പദം ഉപയോഗിച്ച് വിളിക്കാറുണ്ട് ബിജെപി നേതാക്കള്‍.

Top