‘ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ ഫൂള്‍ ഇല്ല, പകരം അച്ഛേ ദിന്‍’; ബിജെപിയെ ട്രോളി ശശി തരൂര്‍

തിരുവനന്തപുരം: ലോക വിഡ്ഢി ദിനമായ ഇന്ന് എല്ലാവരും പറ്റിക്കാനുള്ള ദിവസമായി ആഘോഷിക്കുകയാണ്. അതേ സമയം ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി. ഏപ്രില്‍ ഫൂള്‍ എന്നത് പാശ്ചാത്യ ആശയമാണെന്നും ഇന്ത്യയില്‍ ഇങ്ങനെയൊരു ദിനമില്ലെന്നും പകരം ഇന്ത്യക്കാര്‍ അന്ന് അച്ഛേ ദിന്‍ ആയാണ് ആഘോഷിക്കുന്നതെന്നുമാണ് ശശി തരൂരിന്റെ ട്രോള്‍. രാജ്യത്തെ ഇന്ധന വില വര്‍ധനയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യമായ അച്ഛേ ദിന്നിനെ ശശി തരൂര്‍ കളിയാക്കിയത്.

പെട്രോളിനും, ഡീസലിനും പാചകവാതകത്തിനും വില തുടര്‍ച്ചയായി കൂട്ടുന്നതിനിടെ രാജ്യത്തെ സിഎന്‍ജി വിലയും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്.വില വര്‍ധനയോടെ കൊച്ചിയില്‍ 72 രൂപയില്‍ നിന്നും 80 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ ഇത് 83 രൂപവരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്ന് തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്.

ഇതോടെ സംസ്ഥാനത്തെ ഡീസല്‍ വില വീണ്ടും ലിറ്ററിന് നൂറ് രൂപ പിന്നിട്ടു. തിരുവനന്തപുരം ജില്ലയിലാണ് ഡീസല്‍ വില നൂറ് രൂപ കടന്നത്. ജില്ലയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100.14 രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ സംസ്ഥാനത്ത് 6.98 രൂപയാണ് പ്രെട്രോളിന് കൂട്ടിയത്. ഇക്കാലയളവില്‍ ഡീസലിന് 6.74 രൂപയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 111.28 രൂപയും, ഡീസലിന് 98.20 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ 113.24, ഡീസല്‍ 100.14 രൂപയുമാണ് വില.

Top