ചേരി തിരിവും ശീതപ്പോരും തുടരുന്നു; ശശി തരൂർ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ചേരി തിരിവിനും ശീതപ്പോരുകൾക്കുമിടെ ശശി തരൂർ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. എംപി എന്ന നിലയിലെ പൊതു പരിപാടികൾക്ക് പുറമെ കത്ത് വിവാദത്തിൽ കോർപറേഷന് മുന്നിൽ നടക്കുന്ന യുഡിഎഫ് സമര വേദിയിലും തരൂർ എത്തും. രാവിലെ പത്ത് മണിക്കാണ് തരബർ കോർപറേഷന് മുന്നിലെ സമരവേദിയിലെത്തുക. ഇത്രവലിയ സമരപരിപാടികൾ തലസ്ഥാനത്ത് നടന്നിട്ടും ഇക്കാര്യത്തിൽ രാഷ്ട്രീയ പ്രതികരണമോ പങ്കാളിത്തമോ തരൂരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന വിമർശനം പ്രതിപക്ഷ നേതാവ് തന്നെ പരോക്ഷമായി സൂചിപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് തരൂർ സമര വേദിയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്. മാസങ്ങളായി തുടരുന്ന വിഴിഞ്ഞം സമരത്തിലും നേതൃത്വത്തിൽ നിന്ന് ഭിന്നമായ നിലപാടാണ് തരൂരിനുള്ളത്. ഇക്കാര്യങ്ങളെല്ലാം ഇന്ന് ചർച്ചയിലേക്ക് വരാനാണ് സാധ്യത.

വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന വി ഡി സതീശന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ശശി തരൂർ മുന്നോട്ട് നീങ്ങുന്നത്. മലബാര്‍ സന്ദര്‍ശനത്തിന് പിന്നാലെ മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം. അടുത്ത മാസം മൂന്നിന് കോട്ടയത്തും നാലിന് പത്തനംതിട്ടയിലും തരൂര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അതേസമയം, വിഭാഗീയതയെ കുറിച്ചുള്ള ചോദ്യങ്ങളോട് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പ്രതികരിച്ചില്ല.

Top