ശാരുതിയും അനസ് റോസ്‌ന സ്റ്റെഫിയും ഇനി പഞ്ചായത്ത് പ്രസിഡന്റുമാര്‍; പ്രായം 22

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബുള്ളറ്റില്‍ വോട്ടു തേടി വൈറലായ ഇടതുപക്ഷത്തിന്റെ  പി ശാരുതി, വയനാട് പൊഴുതന ഗ്രാമപഞ്ചായത്തില്‍ ജനവിധി തേടിയ അനസ് റോസ്‌ന സ്‌റ്റെഫിയും ഇനി പഞ്ചായത്ത് ഭരിക്കും. രണ്ട് പേര്‍ക്കും പ്രായം വെറും 22 മാത്രം.

ലോക്ഡൗണ്‍കാലത്ത് പ്രദേശത്ത് സാമൂഹ്യപ്രവര്‍ത്തനം നടത്തിയും ശാരുതി വാര്‍ത്തയിലിടം നേടിയിരുന്നു. എല്‍.എല്‍.ബി അവസാന സെമെസ്റ്റര്‍ വിദ്യാര്‍ത്ഥിയായ ശാരുതി പഠനവും പഞ്ചായത്ത് ഭരണവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. ബുള്ളറ്റിലും ബൈക്കിലും വോട്ടു ചോദിച്ചെത്തിയ ഒളവണ്ണയിലെ ഇടതുസ്ഥാനാര്‍ത്ഥി ശാരുതി തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വൈറലായിരുന്നു.

അതേസമയം, വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളായ എസ്.എഫ്.ഐയുടേയും ഡിവൈഎഫ്‌ഐയുടേയും പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊഴുതന ഗ്രാമ പഞ്ചായത്തില്‍ നിന്നും ജനവിധി തേടി വിജയിച്ച 22 കാരി അനസ് റോസ്‌ന സ്റ്റെഫി പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയത്.

കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍ നിന്ന് ബി.എസ്സി. സുവോളജിയില്‍ ബിരുദം നേടിയ സ്റ്റെഫി കേരള സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷത്തെ സിവില്‍ സര്‍വീസ് പരിശീലനനം പൂര്‍ത്തിയാക്കി സിവില്‍സര്‍വീസ് പ്രിലിമിനറി പരീക്ഷയും എഴുതിയിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സ്റ്റെഫി ജനറല്‍ സീറ്റില്‍ മത്സരിച്ചാണ് വിജയിച്ചത്. ഇപ്പോള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്ത ബിരുദം ചെയ്യുകയാണ് ഈ മിടുക്കി. സുഗന്ധഗിരി സ്വദേശിനിയാണ് സ്റ്റെഫി.

Top