വിവാദങ്ങള്‍ക്കിടയിലും അതിഗംഭീരമായ ഓഡിയോ ലോഞ്ചിനൊരുങ്ങി ‘സര്‍ക്കാര്‍’

sarkar audio

ആര്‍ മുരുകദോസ് ഒരുക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമ ചിത്രം സര്‍ക്കാരിന്റെ അതിഗംഭീരമായ ഓഡിയോ ലോഞ്ചിനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. വിജയ് നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടതിനു ശേഷം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സെപ്റ്റംബറില്‍ അതിഗംഭീരമായി നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച് ഔദ്യോദിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഈ വര്‍ഷം ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ 80 ശതമാനം ഷൂട്ടിങ്ങും പൂര്‍ത്തിയായിട്ടുണ്ട്.

സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. രാധാ രവി, പാലാ കുറുപ്പയ്യ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം. സീനിയര്‍ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി പുറത്തുവിട്ട പോസ്റ്ററില്‍ താരം സിഗരറ്റ് വലിക്കുന്ന ചിത്രമാണ് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ അത് പിന്‍വലിക്കണമെന്ന് അണിയറ പ്രവര്‍ത്തകരോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ വിജയ്‌യുടെ അക്കൗണ്ടില്‍ നിന്നും പോസ്റ്റര്‍ നീക്കിയിരുന്നില്ല. ഇതിനെതിരെ മുന്‍ യൂണിയന്‍ ആരോഗ്യമന്ത്രി രംഗത്തു വരികയും ചെയ്തിരുന്നു.

അതേസമയം, വിജയ്‌യെ അനുകൂലിച്ച് മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും രംഗത്തെത്തിയിരുന്നു. സ്‌ക്രീനില്‍ സിഗരറ്റ് വലിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു പ്രശ്‌നമല്ല, 80കളിലാണ് അത് പ്രശ്‌നമായിരുന്നത്. എന്റെ അച്ഛനും സിഗരറ്റ് വലിച്ചിരുന്നു. പക്ഷേ എനിക്ക് അത് ഒരു പ്രചോദനമായിരുന്നില്ല. എന്നാല്‍ അജിത് സിനിമകളില്‍ സിഗരറ്റ് വലിക്കുന്നത് എന്നെ സ്വാധീനിച്ചിരുന്നു. വിജയ് മാത്രമല്ല സിനിമകളില്‍ പുകവലിക്കുന്നത്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. പുകവലി നിരോധിക്കണമെന്ന് അത്രയധികം വാശി പിടിക്കുന്നവര്‍ സിഗരറ്റ് കമ്പനികള്‍ക്കെതിരെ ശബ്ദിക്കണമെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു.

Top