ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സരിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ സരിതാ നായരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിവറേജ് കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് അരുണ്‍ സെല്‍വരാജില്‍ നിന്ന് 11.49 ലക്ഷം തട്ടിയെന്ന കേസിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസിലെ ജാമ്യാപേക്ഷ ജൂണ്‍ മൂന്നിനു പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. പ്രതി മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പരിഗണിച്ചു ജാമ്യം നല്‍കണമെന്നായിരുന്നു സരിതയുടെ വാദം. 25 ദിവസമായി കസ്റ്റഡിയിലാണന്നും കാന്‍സറിന് ചികിത്സയിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സരിതയുടെ വാദം. എന്നാല്‍ ചികിത്സ സഹായത്തിന് ജയില്‍ അധികൃതര്‍ക്ക് പ്രതി അപേക്ഷ നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തട്ടിപ്പില്‍ പ്രതിക്ക് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പണം സരിതയുടെ അക്കൗണ്ടില്‍ എത്തിയതിന് തെളിവുണ്ടന്നും വ്യാജ നിയമന ഉത്തരവ് സംഘടിപ്പിച്ചതിലും സരിതക്ക് പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Top