saritha-solar-aryadan-muhammad

കൊച്ചി: സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് പണം നല്‍കിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ചാണെന്ന് സരിത എസ്.നായര്‍.

75 ലക്ഷം രൂപയാണ് ആര്യാടന്‍ ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 25 ലക്ഷം രൂപയാണ് നല്‍കിയതെന്നും സരിത പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണനാണ് ഈ പണം ബാങ്കില്‍ നിന്ന് പിന്‍വലിച്ചു കൊണ്ടു വന്നതെന്നും സരിത മൊഴി നല്‍കി.

ഔദ്യോഗിക വസതിയില്‍ വച്ച് പണം കൈമാറുമ്പോള്‍ ആര്യാടന്റെ പേഴ്‌സണല്‍ സറ്റാഫ് അംഗങ്ങളായ ഉമ്മറും കൃഷ്ണനും മുറിയില്‍ ഉണ്ടായിരുന്നുവെന്നും സരിത പറഞ്ഞു. കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ കെ.എസ്.ഇ.ബി എന്‍ജിനിയേഴ്‌സിന്റെ സെമിനാറില്‍ വച്ച് രണ്ടാമത്തെ ഗഡുവായ 15 ലക്ഷം കൂടി കൈമാറി. വേദിയിലെത്തിയപ്പോള്‍ പണം നല്‍കിയ കാര്യം നേരിട്ട് അറിയിച്ചു.

രണ്ടു തവണയായി 40 ലക്ഷം രൂപ കൈമാറിയെന്ന് സരിത, നേരത്തെ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന് മൊഴി നല്‍കിയിരുന്നു. ടീം സോളാറിന്റെ ജീവനക്കാരാണ് മന്ത്രിയുടെ കാറില്‍ പണം കൊണ്ടുചെന്ന് വച്ചത്. പണം ലഭിച്ച കാര്യം മന്ത്രി പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. മന്ത്രിയുടെ പി.എ: കേശവനാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും സരിത കമ്മിഷനോട് പറഞ്ഞു.

2011 ല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് സോളാര്‍ പദ്ധതിയുടെ രൂപരേഖ കൈമാറിയത്. വായിച്ചുനോക്കിയ ശേഷം മന്ത്രി ആര്യാടനെ നേരിട്ട് വിളിച്ച് ലക്ഷ്മി എന്നയാള്‍ കൊണ്ടുവരുന്ന പദ്ധതി പരിശോധിച്ച് വേണ്ടത് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. മന്ത്രിയെ നേരിട്ട് കാണാനും പറഞ്ഞുവെന്നും സരിത വെളിപ്പെടുത്തി.

കേസ് സംബന്ധിച്ച് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉച്ചക്ക് ശേഷം പുറത്തുവിടുമെന്ന് സരിത വ്യക്തമാക്കിയിട്ടുണ്ട്.

Top