കല്ലെറിയേണ്ടവര്‍ക്ക് കല്ലെറിയാം, ഏത് അന്വേഷണവുമായും താന്‍ സഹകരിക്കുമെന്ന് സരിത

കൊച്ചി: കമ്മീഷന്‍ നിഷ്പക്ഷമായാണ് അന്വേഷിക്കുന്നതെങ്കില്‍ സത്യം തെളിയുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നതായി സരിത എസ് നായര്‍.

തന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നതെന്നും സരിത പ്രതികരിച്ചു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു സരിത.

കഴിഞ്ഞ നാല് വര്‍ഷമായി ഇതിന്റെ പേരില്‍ താന്‍ ധാരാളം അപവാദങ്ങള്‍ കേട്ടിട്ടുണ്ട്, തനിയ്‌ക്കെതിരെ ക്രിമിനല്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ പുറത്തുവരേണ്ട കാര്യങ്ങളാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

അന്ന് തന്നോടൊപ്പം പ്രതി ചേരേണ്ടവരായിരുന്നു പലരും. കഴിഞ്ഞ ഒന്നരവര്‍ഷമായി താന്‍ ഇതിന് പുറകിലാണെന്നും അത് വിജയത്തിന്റെ ഭാഗത്തെത്തിയത് സ്ത്രീയെന്ന നിലയില്‍ തനിക്ക് അഭിമാനമാണെന്നും സരിത പറഞ്ഞു.

ഇത് തന്റെ ജീവിതമാണ്. ആ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞതിനാണ് സമൂഹം തനിയ്ക്ക് നേരെ കല്ലേറ് നടത്തിയത്. എന്നാല്‍ സമൂഹത്തിന്റെ ആ കല്ലേറുകള്‍ തന്റെ ആത്മവിശ്വാസം കെടുത്തിയില്ലെന്നും സരിത പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ വന്ന് പല കോണ്‍ഗ്രസ് നേതാക്കളും തന്നെ അധിക്ഷേപിക്കുമ്പോള്‍ പരോക്ഷമായി അവര്‍ പിന്തുണയ്ക്കുന്നത് അഴിമതിയെയും സ്ത്രീ പീഡനങ്ങളെയുമാണ്.

സ്വന്തം നേതാക്കള്‍ തെറ്റ് ചെയ്‌തെങ്കില്‍ അത് തുറന്ന് പറയാനുള്ള മര്യാദ കാണിക്കണം. കല്ലെറിയേണ്ടവര്‍ക്ക് കല്ലെറിയാം. പിന്നില്‍നിന്ന് കുത്തേണ്ടവര്‍ക്ക് കുത്താം. ചെളി വാരിയെറിയേണ്ടവര്‍ക്ക് അതുമാകാം. അതിനൊന്നും താന്‍ എതിരല്ലെന്നും സര്‍ക്കാരിന്റെ ഏത് അന്വേഷണവുമായും താന്‍ സഹകരിക്കുമെന്നും സരിത വ്യക്തമാക്കി.

Top