എറണാകുളത്തെ ‘ജനകീയ കോടതിയിൽ’ ഹൈബിക്ക് പ്രതീക്ഷ, സരിത ഇനി . . .

മ്മന്‍ ചാണ്ടിയില്‍ തുടങ്ങി ഹൈബി ഈഡനില്‍ വരെ സോളാര്‍ നായിക ആരോപിച്ച ലൈംഗിക പീഢനത്തിന്റെ ജനകീയ വിധിയെഴുത്തായി എറണാകുളത്തെ തിരഞ്ഞെടുപ്പ് മാറും.ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത എസ്.നായര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സോളാര്‍ നായിക കൂടി വരുന്നതോടെ എറണാകുളത്തെ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കും. ഹൈബിയെ അറസ്റ്റ് ചെയ്യണമെന്നും മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കുറ്റാരോപിതരായ ചില സ്ഥാനാര്‍ത്ഥികള്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അതിനാലാണ് താനും മത്സരിക്കുന്നതെന്നാണ് സരിതയുടെ വാദം.കാര്യമെന്തായാലും സരിതയുടെ ആഗമനം സോളാര്‍ ചര്‍ച്ച വീണ്ടും സജീവമാക്കാനാണ് വഴി ഒരുക്കുക. ജനകീയ വിധിയിലൂടെ തനിക്ക് മേല്‍ വീണ പാപക്കറ കഴുകി കളയാന്‍ തിരഞ്ഞെടുപ്പ് ഫലം വഴി ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഹൈബി ഈഡന്‍. എന്നാല്‍, സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ യു.ഡി.എഫിന് തിരിച്ചടിയാണ് ഉണ്ടാകുക എന്നാണ് ഇടതു കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

അതേസമയം, സോളാര്‍ നായികയുടെ അരങ്ങേറ്റത്തിനു പിന്നില്‍ സീറ്റ് നിഷേധിക്കപ്പെട്ട ഉന്നത നേതാവ് ഉണ്ടെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ്സ് നേതൃത്വം പരിശോധിച്ചു വരികയാണ്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന്‍, മുന്‍ മന്ത്രിമാരായ എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങി കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കള്‍ക്കെതിരെ ആയിരുന്നു സോളാര്‍ നായികയുടെ ഗുരുതര ആരോപണം. ഇതേ തുടര്‍ന്ന് ഇവരെ പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

സരിതയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച കോണ്‍ഗ്രസ്സ് നേതാക്കള്‍ നിയമപരമായി കേസിനെ നേരിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി സോളാര്‍ നായിക സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. യു.ഡി.എഫിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതം തന്നെയാണ് ഈ നീക്കം.

സരിതയുടെ സ്ഥാനാര്‍ത്ഥിത്വം അവഗണിച്ച് പ്രചരണം നടത്താനാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനം. മണ്ഡലത്തില്‍ എം.എല്‍.എ എന്ന നിലയില്‍ കാഴ്ചവച്ച പ്രവര്‍ത്തനത്തിനുള്ള പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈബി ഈഡന്‍. വിജയ കാര്യത്തിലല്ല, ഭൂരിപക്ഷ കാര്യത്തില്‍ മാത്രമേ സംശയമൊള്ളൂ എന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.

സരിത വിവാദം ചൂണ്ടിക്കാട്ടിയല്ല, ജനകീയ പ്രശ്നങ്ങള്‍ പറഞ്ഞ് വോട്ട് പിടിക്കാനാണ് ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പി.രാജീവിന് പൊതുസമൂഹത്തിലുള്ള അംഗീകാരം വോട്ടായി മാറുമെന്നതാണ് ചെമ്പടയുടെ ആത്മവിശ്വാസം.കടുത്ത രാഷ്ട്രീയ എതിരാളികള്‍ പോലും പാര്‍ലമെന്റില്‍ രാജീവിന്റെ സാന്നിധ്യം വേണമെന്ന് തുറന്നു പറഞ്ഞതും മണ്ഡലത്തില്‍ പ്രചരണ വിഷയമാണ്. രാജ്യസഭ എം.പി എന്ന നിലയില്‍ രാജീവ് കാഴ്ചവച്ച പ്രവര്‍ത്തനങ്ങളുടെ പട്ടിക നിരത്തിയാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ വോട്ട് തേടുന്നത്.

കഴിഞ്ഞ തവണ യുഡിഎഫിന്റെ കെ.വി തോമസ് 87,047 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. ഇടതു സ്വതന്ത്രനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിന് 2,66,794 വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. ബിജെപിയുടെ എ.എന്‍ രാധാകൃഷ്ണന്‍ 99,003 വോട്ടുകളാണ് നേടിയിരുന്നത്. സരിതയുടെ വരവോടെ എറണാകുളത്തെ തെരഞ്ഞെടുപ്പ് രംഗവും ഇനി കൂടുതല്‍ ചൂടുപിടിയ്ക്കും. അവര്‍ എത്ര വോട്ട് നേടുമെന്നതും ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്നതുമാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

Top