Saritha S Nair in solar commission

കൊച്ചി: കടുത്ത മനുഷ്യാവകാശ ലംഘനം നടത്തി സോളാര്‍ കമ്മീഷന്‍. ഒരു പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നതിലും ക്രൂരമായി സരിത നായര്‍ക്കു മുമ്പില്‍ വ്യക്തി ജീവിതത്തെ ബാധിക്കുന്ന ചോദ്യങ്ങളുയര്‍ത്തിയാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ അതിരു കടന്നത്. സരിത ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാരാണെന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ ചോദ്യത്തിനു മുന്‍പില്‍ പകച്ച സരിത പൊട്ടിക്കരഞ്ഞു. മൂക്കില്‍നിന്നു രക്തം വന്നതിനെത്തുടര്‍ന്നു സരിതയുടെ മൊഴിയെടുപ്പ് അവസാനിപ്പിക്കേണ്ടിയും വന്നു.

ശാരീരികമായും മാനസികമായും കീറിമുറിക്കുന്ന ഇത്തരം ക്രൂര ചോദ്യങ്ങള്‍ സരിതയുടെ കുട്ടിയുടെ ഭാവി ഓര്‍ത്തെങ്കിലും ഒരിക്കലും സോളാര്‍ കമ്മീഷന്‍ ചോദിക്കരുതെന്ന വികാരമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അലയടിക്കുന്നത്.

മൂക്കില്‍ നിന്നും ചോരയൊലിക്കുന്ന രൂപത്തിലേക്ക് സരിതയെ ‘ആക്രമിച്ച’ റിട്ടയേര്‍ഡ് ജഡ്ജി, കിട്ടിയ അധികാരത്തിന്റെ പുറത്ത് എന്തും ചെയ്യാമെന്ന ധിക്കാരമാണ് കാട്ടിയത്.

ബിജു രാധാകൃഷ്ണന്‍ എന്ന ക്രിമിനലിനെ നിയമവിരുദ്ധമായി തമിഴ്‌നാട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോയതിന് സോളാര്‍ കമ്മീഷനെ ഹൈക്കോടതി ‘പ്രഹരിച്ച’ ദിവസം തന്നെയാണ് സരിതയേയും സോളാര്‍ കമ്മീഷന്‍ പ്രഹരിച്ചത്.

നേരത്തെ ഹൈക്കോടതി ജഡ്ജിയുടെ പദവിയിലിരുന്ന സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ ഒരു പൗരന് രാജ്യത്ത് നിയമം നല്‍കുന്ന പരിരക്ഷയും അവകാശവും കവര്‍ന്നെടുത്ത് തന്നിഷ്ടപ്രകാരം എന്തും ചെയ്യാമെന്ന രൂപത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ഈ സംഭവത്തോടെ ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്.

2007ല്‍ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ തനിക്ക് ഒരു കുട്ടി മാത്രമാണുണ്ടായിരുന്നതെന്നു സരിത കമ്മീഷന്റെ ചോദ്യത്തിനു മുന്നില്‍ തുറന്ന് പറഞ്ഞു.

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 2010 ഏപ്രില്‍ ഒന്നിനു ജയിലില്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. ബിജു രാധാകൃഷ്ണനും താനും തമ്മില്‍ ഭാര്യാ ഭര്‍തൃബന്ധം ഉണ്ടായിരുന്നില്ല. ഔദ്യോഗിക ബന്ധം മാത്രമായിരുന്നുവെന്നു സരിത പറഞ്ഞു. ടീം സോളറുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്നെല്ലാം സരിത ഒഴിഞ്ഞുമാറി. ഭാര്യാ-ഭര്‍തൃബന്ധം ഉണ്ടായിരുന്നില്ലെങ്കില്‍ ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരാണെന്നു കമ്മിഷന്‍ ചോദിച്ചു. അതു വ്യക്തിപരമായ കാര്യമാണെന്നും കമ്മിഷനു മുന്‍പില്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞായിരുന്നു സരിതയുടെ കരച്ചില്‍.

അല്‍പസമയത്തിനുള്ളില്‍ മൂക്കില്‍നിന്നു രക്തം വന്ന സരിത പുറത്തേക്കു പോകാന്‍ അനുമതി ചോദിച്ചു. രക്തസമ്മര്‍ദം വര്‍ധിച്ചതുമൂലമാണു രക്തം വന്നതെന്നായിരുന്നു സരിതയുടെ വിശദീകരണം. എന്നാല്‍ സരിതക്കൊപ്പം പുറത്തിറങ്ങി പരിശോധിച്ച കമ്മിഷന്റെ വനിതാ സ്റ്റാഫ്, സരിതയുടെ മൂക്കില്‍ മുറിവുണ്ടെന്നു കമ്മിഷനെ അറിയിച്ചു. എന്തായാലും സരിത നാളെ രാവിലെ ഹാജരായാല്‍ മതിയെന്നു പറഞ്ഞു കമ്മിഷന്‍ സിറ്റിങ് അവസാനിപ്പിച്ചു.

ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനു കൊണ്ടുപോയതിനെതിരായ ഹൈക്കോടതി പരാമര്‍ശവും മാധ്യമങ്ങളിലെ മുഖപ്രസംഗങ്ങളും അഡ്വ. ശിവന്‍ മഠത്തില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കമ്മിഷന്റെ മറുപടി ഇങ്ങനെ: പുറത്ത് എന്തു പറയുന്നു എന്നത് താന്‍ കാര്യമാക്കുന്നില്ല. വേണ്ടത്ര സുരക്ഷയൊരുക്കി, നിയമപരമായാണു തെളിവെടുപ്പിനു ബിജുവിനെ കൊണ്ടുപോയത്. മുഖപ്രസംഗങ്ങള്‍ എഴുതുന്നതുപോലെ എളുപ്പമുള്ള പണിയല്ല കമ്മിഷന്‍ ചെയ്യുന്നത്. കമ്മിഷന്‍ മണ്ടനല്ലെന്ന് എല്ലാവരും മനസിലാക്കണം.

Top