Saritha s Nair-in Solar-Commission-against-Oommen Chandy

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ കമ്മീഷനില്‍ സരിത ആഞ്ഞടിച്ചതിന് പിന്നില്‍ എഡിജി പത്മകുമാറിനെ വെള്ളപൂശിയ റിപ്പോര്‍ട്ട്.

സോളാര്‍ കേസില്‍ തുടക്കത്തില്‍ മേല്‍നോട്ടം വഹിച്ച അന്നത്തെ എറണാകുളം റേഞ്ച് ഐജിയായിരുന്ന പത്മകുമാറിന്റെ നിര്‍ദ്ദേശപ്രകാരം സരിതയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി പിടിച്ചെടുത്ത ഒരു ലാപ്‌ടോപ്പും രണ്ട് മൊബൈല്‍ ഫോണുകളും തൊണ്ടി സാധനങ്ങളില്‍ ഉള്‍പ്പെടുത്തി കോടതിയില്‍ ഹാജരാക്കിയില്ലെന്ന ഗുരുതരമായ ആരോപണവും, വാട്‌സ്ആപ്പില്‍ പ്രചരിച്ച തന്റെ വിവാദദൃശ്യങ്ങള്‍ക്കു പിന്നില്‍ പത്മകുമാറാണെന്നുമുള്ള സരിതയുടെ ആക്ഷേപത്തിലും കഴമ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതുമാണ് സരിതയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

കലൂരിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചുവെന്ന് രേഖാമൂലം പരാതി നല്‍കിയിട്ടും പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് സരിതയുടെ ആരോപണം.

സരിത നല്‍കിയ പരാതിയെ കുറിച്ച് അന്വേഷിച്ചുവെന്നും അതില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെന്നുമാണ് ഡിജിപി സോളാര്‍ കമ്മീഷനില്‍ വ്യക്തമാക്കിയത്. ഇതാണ് അവരെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്.

അതീവഗുരുതരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി താന്‍ ഒരുവര്‍ഷം മുമ്പ് പരാതി നല്‍കിയിട്ടും പത്മകുമാറിനെ സ്ഥലം മാറ്റാന്‍ പോലും തയ്യാറാകാതെ സൗത്ത് സോണ്‍ എഡിജിപി തസ്തികയില്‍ തുടരാന്‍ അനുവദിച്ചതിലുള്ള അമര്‍ഷം സരിത നേരത്തെ തന്നെ ചില കോണ്‍ഗ്രസ് നേതാക്കളോട് തുറന്നു പറഞ്ഞിരുന്നതായാണ് അറിയുന്നത്.

വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് പത്മകുമാര്‍ അല്ലെങ്കില്‍ അതാരാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള ബാധ്യത പൊലീസിനുണ്ടായിരുന്നുവെന്നാണ് സരിത പറയുന്നത്.

നടി ആശാ ശരതിന്റെ വിവാദ വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്തവരെ രണ്ടാഴ്ചക്കുള്ളില്‍ പിടിച്ച പൊലീസ് തന്റെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിന്റെ ഉദ്ദേശ്യശുദ്ധിയേയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്.

പീഡനക്കേസില്‍ ഒരു സ്ത്രീ പരാതി നല്‍കിയാല്‍ ഉടനെ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പരാതിയില്‍ പറഞ്ഞ വ്യക്തിയെ അറസ്റ്റ് ചെയ്യേണ്ട നിയമം പത്മകുമാറിന്റെ കാര്യത്തിലും എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ കാര്യത്തിലും വഴിമാറിയത് ഉന്നതതല ഇടപെടലുകളെ തുടര്‍ന്നാണെന്നാണ് ആക്ഷേപം.

മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് തന്നെ അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്ന സരിതയുടെ പരാതിയില്‍ കോടതി ഇടപെട്ടതിനെ തുടര്‍ന്ന അബ്ദുള്ളക്കുട്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു തുടര്‍നടപടിയും സ്വീകരിച്ചിട്ടില്ല.

പത്മകുമാറിന്റെ കാര്യത്തിലാണെങ്കില്‍ സരിതയുടെ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തിയത്.

സരിതയെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത ചില ‘തെളിവുകള്‍’ ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ പക്കലുള്ളതുകൊണ്ടാണ് ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിക്ക് തുനിയാത്തതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

Top