നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കാത്തതിനെതിരെ സരിതാ നായര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി

കൊച്ചി: നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ സരിതാ എസ് നായര്‍ നല്‍കിയ രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി. പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് നല്‍കേണ്ടിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇലക്ഷന്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് സരിത വാദിച്ചു.

സരിതയുടെ നാമനിര്‍ദ്ദേശപത്രികക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പ്രാഥമിക തടസവാദം സമര്‍പ്പിച്ചു. സരിതയുടെ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. എന്നാല്‍ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിതാ നായര്‍ വ്യക്തമാക്കി.

സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ചാണ് സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ സമയം അനുവദിച്ചെങ്കിലും ഉത്തരവ് ഹാജരാക്കാന്‍ സരിതയ്ക്ക് കഴിഞ്ഞിരുന്നില്ല.

Top