കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ പ്രതികരണവുമായി സരിത എസ് നായര്‍ രംഗത്ത്. തന്റെ പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ കളികളാണെന്നും ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യും എന്നും സരിത പറഞ്ഞു. ”പത്രിക തള്ളിയത് നല്ലതാണ് എനിക്കെതിരെ നടക്കുന്ന അനീതികളെ തുറന്നു കാണിക്കാന്‍ ഇത് ഒരു അവസരമായെന്നും” സരിത പറഞ്ഞു.
തനിക്കെതിരെയുള്ള ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളുന്നതെന്നാണ് കളക്ടര്‍ അറിയിച്ചത്. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ പത്തര വരെ സമയം അനുവദിച്ചെങ്കിലും അതിന് സാധിച്ചില്ല. എന്നാല്‍ അതിന് തക്കതായ രേഖകള്‍ എല്ലാം ഹാജരാക്കിയിട്ടും കളക്ടര്‍ പക്ഷപാതപരമായി പെരുമാറിയെന്നും സരിത വ്യക്തമാക്കി.
പല നേതാക്കന്മാരും മത്സരിക്കാന്‍ ഹാജറാക്കിയ രേഖകള്‍ തന്നെയാണ് താനും സമര്‍പ്പിച്ചത്. മത്സരിക്കാന്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ വമ്പന്മാരായതിനാലാണ് തന്റെ പത്രിക തള്ളിയതെന്നും സരിത പറയുന്നു.
നേരത്തെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല.
കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് എറണാകുളത്തും വയനാട്ടിലും സരിത മത്സരിക്കാന്‍ തീരുമാനിച്ചത്.











