‘തന്നെ വിഷം നൽകി കൊല്ലാൻ ശ്രമം’ ; ആരെന്ന് പിന്നീട് പറയുമെന്നും സരിത

കൊട്ടാരക്കര : തന്നെ വിഷം നൽകി ഇല്ലാതാക്കാൻ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി സോളർ കേസിലെ പ്രതി സരിത എസ്.നായർ. സരിത ഉൾപ്പെട്ട വാഹന ആക്രമണ കേസിൽ മൊഴി നൽകാൻ കൊട്ടാരക്കരയിൽ എത്തിയതായിരുന്നു അവർ. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നൽകിയത്. വിഷ ബാധയെ തുടർന്ന് വെല്ലൂരും തിരുവനന്തപുരത്തുമായി താൻ ചികിത്സയിലാണെന്നും വിഷം നാഡികളെയും ബാധിച്ചെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. കീമോ തെറപ്പിയുൾപ്പെടെയുള്ള ചികിത്സകൾ പുരോഗമിക്കുകയാണെന്നും അതീജീവനത്തിനു ശേഷം ഇത് ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

സരിത ഉൾപ്പെട്ട വാഹന ആക്രമണ കേസിൽ വാദി–പ്രതി ഭാഗങ്ങൾ കോടതിയിൽ മൊഴിമാറ്റിയിരുന്നു. കേസ് വിധി പറയാൻ 29 ലേക്കു മാറ്റിയിട്ടുണ്ട്. സരിത വാദിയായും പ്രതിയായും 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികളെ തിരിച്ചറിയാനാവുന്നില്ലെന്നു സരിതയും ഇടിച്ച വാഹനത്തിൽ സരിത ഉണ്ടായിരുന്നില്ലെന്ന് എതിർഭാഗവും കോടതിയെ അറിയിച്ചു.

2015 ജൂലൈ 18നു രാത്രി പതിനൊന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എംസി റോഡിൽ കരിക്കകത്തിനു സമീപം സരിതയുടെ കാർ പാർക്ക് ചെയ്തിരുന്നു. സരിതയ്ക്കൊപ്പം ഡ്രൈവർ ബിനുകുമാർ, വിദ്യാധരൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രദേശവാസികളായ ആറംഗസംഘം എത്തി കാർ ആക്രമിക്കാൻ ശ്രമിച്ചതായാണ് ആദ്യ കേസ്. കാറിന്റെ ഗ്ലാസ് തകർക്കുകയും സരിതയോട് അപമര്യാദയായി സംസാരിക്കുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തതായാണു പരാതി.

മനു പി.മോഹൻ, ദീപുരാജ്, അജിത്കുമാർ, പ്രദീപ്, അനീഷ് മാത്യു, അബീഷ് മാത്യു എന്നിവരാണു പ്രതികൾ. സംഘർഷത്തിനിടെ കാർ പെട്ടെന്നു മുന്നോട്ടെടുത്തതോടെ അനീഷ് മാത്യു, പ്രദീപ് എന്നിവർക്കു പരുക്കേറ്റു. കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിനു സരിതയ്ക്കും ബിനുകുമാറിനും വിദ്യാധരനും എതിരെ പൊലീസ് കേസെടുത്തു. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ഡ്രൈവർക്കു മയക്കം വന്നതിനാൽ കാർ റോഡരികിൽ പാർക്ക് ചെയ്തെന്നാണു സരിതയുടെ മൊഴി. അസി. പബ്ലിക് പ്രോസിക്യൂട്ടർ റോയ് ടൈറ്റസ് പ്രതികളെ വിസ്തരിച്ചു.

Top