സര്‍ഫ്രാസ് ടീം രാജ്‌കോട്ട് ടെസ്റ്റില്‍ അരങ്ങേറിയേക്കും;സൂചന നല്‍കി ബിസിസിഐ

രാജ്‌കോട്ടില്‍: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീമിലെത്തിയ സര്‍ഫ്രാസ് ടീം രാജ്‌കോട്ട് ടെസ്റ്റില്‍ അരങ്ങേറിയേക്കും. പരിക്കേറ്റ കെ എല്‍ രാഹുലിന് പകരക്കാരന്‍ സര്‍ഫ്രാസ് എന്നാണ് സൂചന. ഫെബ്രുവരി 15 മുതലാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തുടക്കമാകുക. കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ രജത് പട്ടിദാറും ടീമില്‍ തുടര്‍ന്നേക്കും.

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കെ എല്‍ രാഹുല്‍ പൂര്‍ണമായും പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല. ഇതോടെ കര്‍ണാടക ബാറ്ററും മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെ ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചിരുന്നു. എങ്കിലും അരങ്ങേറ്റ ടെസ്റ്റിനായി പടിക്കല്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ഏറെക്കാലം സര്‍ഫ്രാസിന് ദേശീയ ടീമിലേക്ക് വിളി ലഭിച്ചിരുന്നില്ല. 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച സര്‍ഫ്രാസ് 3,912 റണ്‍സ് അടിച്ചുകൂട്ടി. 69.85 ആണ് ശരാശരി. 26കാരനായ സര്‍ഫ്രാസ് മുംബൈയുടെ താരമാണ്.

Top