വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകുമെന്ന് ശരദ് പവാര്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സഹകരണ ബാങ്കിലെ 25,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ എടുത്ത കേസില്‍ ഭയം ഒട്ടും തന്നെയില്ലെന്ന് എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍.

ഇഡിയുടെ അന്വേഷണവുമായി സഹകരിക്കുമെന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു. ശരദ് പവാറിന്റെ അനന്തരവനും മഹാരാഷ്ട്രാ മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത്ത് പവാറിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

അതേസമയം, ജയിലിലേക്ക് അയക്കുകയാണെങ്കില്‍ പോകാന്‍ ഒരു മടിയുമില്ലെന്നും മുമ്പ് ജയിലില്‍ കിടന്ന അനുഭവമില്ലെന്നും ആരെങ്കിലും ജയിലിലേക്കയക്കാന്‍ പദ്ധതിയിട്ടാല്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും പവാര്‍ നേരത്തെ പറഞ്ഞിരുന്നു.

ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര പൊലീസിനു നല്‍കിയ നിര്‍ദേശപ്രകാരം സഹകരണ ബാങ്കിന്റെ ഭാരവാഹികളായ അജിത്ത് പവാറിനും മറ്റ് 75 പേര്‍ക്കുമെതിരെ കഴിഞ്ഞ മാസം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. എന്‍സിപിയുടെ അധീനതയില്‍ ഉള്ള സഹകരണ ബാങ്കിലൂടെ അനധികൃതമായി വായ്പകള്‍ അനുവദിച്ചെന്നാണ് കേസ്.

ഇതു മൂലം ബാങ്കിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായെന്നും വായ്പകള്‍ പലതും പ്രാഥമികമായ അന്വേഷണമോ പരിശോധനയോ നടത്താതെയാണ് അനുവദിച്ചതെന്നും ഇഡി പറയുന്നു.

Top