മരട് ഫ്ളാറ്റ്: ശരത് ബി സര്‍വ്വാതെ പരിശോധന നടത്തി; പൊളിക്കാനുള്ള കരാറുകാരെ ഇന്ന് തീരുമാനിച്ചേക്കും

കൊച്ചി: കൊച്ചിയിലെ മരടില്‍ പണിത ഫ്‌ളാറ്റുകളില്‍ ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വ്വാതെ പരിശോധന നടത്തി. ഇരുന്നൂറോളം കെട്ടിടങ്ങള്‍ പൊളിച്ച് ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. രാവിലെ മരട് നഗരസഭയില്‍ എത്തിയ അദ്ദേഹം സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടറുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഫ്ളാറ്റുകള്‍ പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് ആണ്. തുടര്‍ന്ന് ബാക്കിയുള്ള ഫ്ളാറ്റുകളും പരിശോധിച്ചു.

അന്തിമ പട്ടികയില്‍ ഉള്ള കമ്പനികളുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ ആര്‍ക്കു നല്‍കുമെന്ന കാര്യം തീരുമാനിക്കുക. മൂന്ന് കമ്പനികളാണ് അന്തിമ പട്ടികയിലുള്ളത്. ഇതിലൊരു കമ്പനിയായ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ് കമ്പനിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഫ്ളാറ്റുകള്‍ പരിശോധിച്ചു. ഈ കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദക്ഷിണ ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷന്‍ കമ്പനി പ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു. ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ രണ്ടുമാസത്തിനുള്ളില്‍ തന്നെ പൊളിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതിനിധി ജോ ബ്രിംഗ്മാന്‍ പറഞ്ഞത്.

അതേസമയം ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടേതാണ് ഈ തീരുമാനം. നഗരസഭയില്‍ ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും വില്‍പ്പന കരാര്‍ ഹാജരാക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ് സമിതി അറിയിച്ചത്. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് എത്ര രൂപയാണ് നല്‍കിയതെന്ന് വ്യക്തമാക്കാന്‍ യഥാര്‍ത്ഥ വില ഉള്‍ക്കൊള്ളിച്ച് ഓരോ ഫ്‌ളാറ്റ് ഉടമകളോടും സമിതി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 241 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നഗരസഭ നേരത്തെ സര്‍ക്കാരിന് നല്‍കിയ പട്ടികയിലുണ്ട്.

Top