അമ്മയില്‍ ആഭ്യന്തര പരാതി കമ്മിറ്റി സെല്‍ രൂപീകരിക്കണമെന്ന് സാറാ ജോസഫ്

കൊച്ചി: താരസംഘടനയായ അമ്മയില്‍ ആഭ്യന്തര പരാതി കമ്മിറ്റി സെല്‍ രൂപീകരിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഡബ്ല്യുസിസി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി അര്‍ച്ചന പദ്മിനി വെളിപ്പെടുത്തിയത് ചര്‍ച്ചക്ക് വഴിവെച്ചിരുന്നു.

കഴിഞ്ഞ ദിവസം, സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താര സംഘടനയ്ക്കും നോട്ടീസ് അയച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സെല്‍ രൂപീകരിക്കുന്നത് അപമാനമാണെന്നാണ് അമ്മ കരുതുന്നത്. എന്നാല്‍ സെല്‍ അമ്മയുടെ മാത്രം ആവശ്യമല്ല സമൂഹത്തിന്റെ ആവശ്യമാണ്. ആഭ്യന്തര പരാതി കമ്മിറ്റിയില്‍ 50 ശതമാനം സ്ത്രീകളായിരിക്കണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.

നടിമാര്‍ മാപ്പുപറയണം എന്ന സിദ്ദിഖിന്റെ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കണമെന്നും നടിമാര്‍ മാപ്പ് പറയരുതെന്നും സാറാ ജോസഫ് പറഞ്ഞു. കെപിഎസി ലളിത ആരുടെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഗീത നാടക അക്കാദമി സ്ഥാനത്ത് ലളിത ഇനി തുടരരുതെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു. മീ ടൂ വിലൂടെ ലൈംഗികാരോപണം നേരിടുന്ന ഇടതുപക്ഷ എംഎല്‍എയെ സംരക്ഷിക്കാനുള്ള നീക്കം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും സാറാ ജോസഫ് പറഞ്ഞു.

Top