ശബരിമല മീഡിയ കവറേജില്‍ മീഡിയ ഉത്തരവാദിത്വം കാണിക്കണം; ശാരദക്കുട്ടി

കൊച്ചി: വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ച് എഴുത്തുകാരി ശാരദക്കുട്ടി. കേരളത്തില്‍ വര്‍ഗ്ഗീയ പിരിമുറുക്കം ഉയര്‍ത്തുന്ന വിധത്തിലുള്ള സ്‌തോഭജനകമായ റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സമാധാന കാംക്ഷികളായ മുഴുവൻ ജനങ്ങളുടെയും അഭ്യർഥനയായി ഇത് കാണണം
——————————————————————ശബരിമല കവറേജിൽ മീഡിയ ഉത്തരവാദിത്തം കാട്ടണമെന്ന് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ , ഇന്ത്യ (NWMI വനിതാ മാദ്ധ്യമപ്രവർത്തകരുടെ ദേശീയകൂട്ടായ്മ.)
——————————————————————–

NWIMയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

കേരളത്തിൽ വർഗ്ഗീയപിരിമുറുക്കം ഉയർത്തുന്ന വിധത്തിലുള്ള സ്തോഭജനകമായ റിപ്പോർട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കണമെന്ന് എല്ലാ മാദ്ധ്യമങ്ങളെയും ജാഗ്രതപ്പെടുത്തുന്നു.

അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ട്, ബോധപൂർവ്വം നിയമവാഴ്ച കീഴ്‌മേൽ മറിയ്ക്കാനാണ് സംഘപരിവാർസംഘടനകൾ ശ്രമിയ്ക്കുന്നത് എന്നത് വ്യക്തമാവുകയാണ്. ഇത്തരുണത്തിൽ, ഭിന്നിപ്പിയ്ക്കുന്ന ഭാഷ്യങ്ങൾക്ക് വശംവദരാവാതെ , വിവേകപൂർവ്വം റിപ്പോർട്ട് ചെയ്യാനുള്ള കടമ മാദ്ധ്യമങ്ങൾക്കുണ്ട്.

മുമ്പെങ്ങും ഇല്ലാത്ത വിധത്തിലുള്ള സാമൂഹികധ്രുവീകരണത്തിലൂടെ കേരളം കടന്നുപോവുകയാണ് . ഈ സാഹചര്യം എത്രത്തോളം ഗുരുതരമാണ് എന്ന് മാദ്ധ്യമങ്ങൾ സമചിത്തതയോടെ വിലയിരുത്തേണ്ടതുണ്ട്. നിയമവാഴ്ചയുള്ള ദേശത്തല്ലേ സ്വതന്ത്രമാദ്ധ്യമ പ്രവർത്തനത്തിന് നിലനിൽപ്പുള്ളൂ ! സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ പരസ്പരവിശ്വാസം താറുമാറായിക്കൊണ്ടിരിയ്ക്കുന്ന അവസ്ഥയിൽ , പക്ഷപാതമില്ലാതെ റിപ്പോർട്ട് ചെയ്യാനുള്ള നമ്മുടെ ദൗത്യം കൂടുതൽ ദുഷ്കരമാവുന്നുണ്ട്.

അതേസമയം, വാർത്ത ബാലൻസ് ചെയ്യാനായി എന്ന പേരിൽ , സാമൂഹ്യഭിന്നിപ്പിന് ശ്രമിയ്ക്കുന്ന പലരുടെയും നാടകീയമായ ബൈറ്റുകൾ വാർത്തയിലേയ്ക്കും, എന്തിന് ലൈവ് ടെലികാസ്റ്റിലേയ്ക്കും വരെ കയറിച്ചെന്ന് അവർക്ക് വളം വച്ച് കൊടുക്കുന്നുണ്ട് . ഇതുകൊണ്ട് , താത്കാലികമായി റേറ്റിങ് ഒന്ന് ഉയർന്നേക്കാം . പക്ഷെ, ഞങ്ങളെ ഏറെ ഉൽക്കണ്ഠപ്പെടുത്തുന്നത് , ഇതോടൊപ്പം, വിശ്വാസ്യത എന്ന നമ്മുടെ ഏറ്റവും അമൂല്യമായ ആസ്തി നഷ്ടമാവുന്നതാണ്‌.

ശബരിമലയിലെ ഓരോ പുതിയ നീക്കവും ഏറെ സമയവും അദ്ധ്വാനവും ചെലവഴിച്ച് ഡോക്കുമെന്റ് ചെയ്യേണ്ടതാണ് എന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും ലൈവ് കവറേജിൽ കൂടുതൽ സംയമനം പാലിയ് ക്കേണ്ടതുണ്ട് .

മല കയറാൻ തീരുമാനിച്ചെത്തിയ യുവതികളുടെ ഐഡൻറ്റിറ്റി , അവർക്കു പൂർണ്ണമായ സമ്മതമില്ലെങ്കിൽ , മുൻകൂറോ തത്സമയമോ വെളിപ്പെടുത്താരിയ്ക്കുന്നതാണ് ഔചിത്യം. യുവതികൾ മല കയറുന്നുണ്ടെങ്കിൽ, അതിന്റെ വിവരങ്ങൾ ഉടനടി പ്രക്ഷേപണം ചെയ്യുകയോ , തത്സമയ കവറേജ് കൊടുക്കുകയോ ചെയ്യാനുള്ള ഉദ്വേഗത്തിൽ നിന്ന്, സംയമനത്തോടെ , വിട്ടു നിൽക്കണം എന്ന് ചാനലുകളോട് ഞങ്ങൾ അഭ്യർത്ഥിയ്ക്കുന്നു. ആ യുവതികൾ സുരക്ഷിതരാണ് എന്ന് ഉറപ്പു വരുത്തിയിട്ട് , പിന്നീട് , ഡെഫേർഡ് ലൈവ് ആയി ടെലികാസ്റ് ചെയ്യാമല്ലൊ.

വാർത്താവിതരണരംഗത്തുള്ളവരെ സംബന്ധിച്ചിടത്തോളം ഇതൊരു പരീക്ഷണഘട്ടമാണ്. മാദ്ധ്യമസ്ഥാപനങ്ങളിൽ നിർണ്ണായക തീരുമാനങ്ങളെടുക്കുന്നവർ, പ്രസിദ്ധീകരണത്തിന് മുമ്പ്, ഓരോ വാർത്താശകലത്തെയും മുമ്പെന്നത്തെക്കാളും സശ്രദ്ധം വിലയിരുത്തേണ്ട കാലമാണിതെന്നു ഞങ്ങൾ ഓർമ്മപ്പെടുത്തുന്നു .

നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, ഇന്ത്യ.
Courtesy: Sarita Mohanan Varma

Top