ആണത്തം കൊമ്പുകുലുക്കുമ്പോള്‍ നിലയ്ക്കു നിര്‍ത്താന്‍ അമ്മയ്ക്ക് കഴിയണം; ശാരദക്കുട്ടി

saradakutty

കൊച്ചി: ശബരിമലയില്‍ കഴിഞ്ഞ ദിവസം ചെറുമകന്റെ ചോറൂണ് നടത്താനെത്തിയ 52 വയസ്സുകാരിയായ സ്ത്രീ ആക്രമിക്കപ്പെട്ടതിനും അധിക്ഷേപിക്കപ്പെട്ടതിനും എതിരെ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. അടിച്ചു കൊല്ലടാ അവളെ എന്നു മുഴങ്ങിക്കേട്ടത് കേരളത്തിലാണ്.

‘ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളില്‍ ഇടപെടുന്ന എല്ലാ സ്ത്രീകള്‍ക്കും കഴിയണം. ‘നീ എന്റെ അധികാരിയല്ല ‘ എന്നത് വീട്ടിലെ സ്ത്രീയുടെ മുദ്രാവാക്യമാകണം. ഇല്ലെങ്കില്‍ ഭാവി വലിയ പ്രശ്‌നം തന്നെയാകും’ ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“അടിച്ചു കൊല്ലെടാ അവളെ”

വീടുകളിൽ കേട്ടപ്പോഴൊന്നും ആരും തടഞ്ഞിട്ടില്ല. അമ്മയേം പെങ്ങളേം ഭാര്യയേയും കാമുകിയെയും , മകളെയും അവർ എതിർത്തപ്പോഴൊക്കെ നിങ്ങൾ നേരിട്ടത് ഇങ്ങനെ തന്നെയായിരുന്നു.”അടിച്ചു കൊല്ലെടാ അവളെ “. ഈ വാക്കുകൾ – അതൊരംഗീകരിക്കപ്പെട്ട പല്ലിംഗാക്രോശമായിരുന്നു. സൈബറിടത്തിൽ അതൊരു പുല്ലിംഗാഘോഷമായി നിർബാധം തുടരുകയാണ്. വൈകിയാണെങ്കിലും അമ്പലനടയിലും അതു മുഴങ്ങിക്കേൾക്കുന്നു.

” അടിച്ചു കൊല്ലെടാ
അവളെ .”

ആഭാസന്മാരായി ആൺമക്കളെ വളർത്തി വിടുന്ന ഫാസിസ്റ്റു വീടുകളോട്, നിശ്ശബ്ദം അതൊക്കെ അംഗീകരിച്ച് തല കുമ്പിട്ടു നടന്ന കുലീനതാ നാട്യങ്ങളോട് എതിരിട്ടപ്പോഴൊക്കെ ഞങ്ങൾ പല ഭാഷയിലിതു കേട്ടു.

ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തിൽ അതിനെ നിലയ്ക്കു നിർത്താൻ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളിൽ ഇടപെടുന്ന എല്ലാ സ്ത്രീകൾക്കും കഴിയണം. “നീ എന്റെ അധികാരിയല്ല ” എന്നത് വീട്ടിലെ സ്ത്രീയുടെ മുദ്രാവാക്യമാകണം. ഇല്ലെങ്കിൽ ഭാവി വലിയ പ്രശ്നം തന്നെയാകും. .അതു പറയാൻ തന്റേടം കാട്ടാത്ത ഓരോ സ്ത്രീയും സ്വന്തം നില ഒരു പുനർവിചിന്തനത്തിനു വെക്കേണ്ട സമയമായിരിക്കുന്നു.

മുത്തശ്ശിയും അമ്മയും ഭാര്യയുമടങ്ങുന്ന മൂന്നു തലമുറയിലെ സ്ത്രീകളെ തന്റെ അഹങ്കാരങ്ങൾക്കു ന്യായവാദവുമായി രാഹുൽ ഈശ്വർ കൊണ്ടിരുത്തിയപ്പോൾ ഞാനമ്പരന്നു: “നിന്റെ തെമ്മാടിത്തരങ്ങൾക്കു കൂട്ടുനിൽക്കാൻ ഞങ്ങളെ കിട്ടില്ല” എന്ന് അതിൽ ഒരു സ്ത്രീ പോലും പറഞ്ഞില്ല. ചുമ്മാതല്ല ഇയാളിങ്ങനെ ഞുളക്കുന്നതും പുളയുന്നതും എന്ന് ഞാൻ ആത്മഗതം ചെയ്യുകയായിരുന്നു.

“അടിച്ചു കൊല്ലെടാ അവളെ” എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്നത്, “ജനനീ ജന്മഭൂമിശ്ച” എന്നു പറയുന്ന നാവു കൊണ്ടു തന്നെയാണെന്നതും ഓർക്കുക. ഇവിടെ നാവ് ഒരു ഉദ്ധൃത പുല്ലിംഗമാണ്. ഇത്തരം ആൺകുട്ടികൾ വളർന്നു വരുന്ന നാട്ടിൽ അമ്മ എന്നത് ഏറ്റവും അശ്ലീലമായ പദമാണ്.

Top