അയിത്തം കല്‍പ്പിച്ചിരുന്ന ഇണ്ടംതുരുത്തി മന ഇന്നത്തെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ്;ശാരദക്കുട്ടി

saradakutty

കൊച്ചി: വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി വൈക്കത്തെത്തിയ മഹാത്മാഗാന്ധിയെ അയിത്തത്തിന്റെ ഭാഷയില്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് അകറ്റി നിര്‍ത്തിയ മനയാണ് ഇണ്ടംതുരുത്തി മന. ഈ മന ഇന്നത്തെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസാണ്.

അന്നത്തെ ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ അതേ ഭാഷാ പ്രയോഗം തന്നെയാണ് ഇന്ന് രാഹുല്‍ ഈശ്വറും ഉപയോഗിക്കുന്നതെന്നും വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പണ്ട്, കഷ്ടതയനുഭവിച്ച്, അപ്രാപ്യമായ സ്ഥലങ്ങളിലേക്കു പോകുന്നതിനെ വീട്ടിലെ സ്ത്രീകൾ”ഹൊ ഇണ്ടന്തുരുത്തിക്കു പോകുന്നതിലും പ്രയാസമാണല്ലോ”, ” ശ്രദ്ധിക്കണം അങ്ങ് ഇണ്ടന്തുരുത്തി വരെ പോകേണ്ടതാ” എന്നൊക്കെ പറയുമായിരുന്നു. എന്താണ് ഈ ഇണ്ടന്തുരുത്തി എന്നറിയില്ലായിരുന്നു. അവിടെ ചെല്ലാൻ എന്തായിരുന്നു ഇത്ര ബുദ്ധിമുട്ട്? അത് മക്കൊണ്ട പോലെ ഏതോ ഭാവനാ ദേശമെന്നാണ് കുട്ടിക്കാലത്ത് കരുതിയിരുന്നത്.

മനുഷ്യകുലത്തിലെ ഒരു വിഭാഗത്തിനു പ്രവേശനം നിഷേധിച്ചിരുന്നതും വലിയ സമരങ്ങളുടെ ഭാഗമായി ചരിത്രത്തിൽ ഇടം പിടിച്ചതുമായ ഇണ്ടംതുരുത്തിമന ഇതാണ്. കോട്ടയം ജില്ലയിലെ വൈക്കത്താണത്.. അയിത്തത്തിന്റെ ശക്തിയാണ് ഇണ്ടന്തുരുത്തിയെ ഇങ്ങനെ അപ്രാപ്യ ദേശമെന്ന മട്ടിൽ പ്രദേശികഭാഷയിലൂടെ നാട്ടുകാർ പുനർ സൃഷ്ടിച്ചു കൊണ്ടിരുന്നത്.

കാലം ഇണ്ടന്തുരുത്തി മനക്ക് വരുത്തിയ മാറ്റം ശ്രദ്ധിക്കൂ. 1963 മുതൽ അത് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസാണ്.

അന്ന് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി വൈക്കത്തെത്തിയ മഹാത്മാ ഗാന്ധിയെ അയിത്തത്തിന്റെ പേരിൽ അകലെ നിർത്തിക്കൊണ്ട് പറഞ്ഞ അതേ ഭാഷയാണ്, ഇന്ന് രാഹുൽ ഈശ്വർ പറയുന്നത്.

രാഹുൽ ഈശ്വറിന്റെയത്ര ഉച്ചത്തിൽ സംസാരിക്കാറില്ല സണ്ണി എം കപിക്കാട്. എതിർ ഭാഗത്തെ അടിച്ചു നിലംപരിശാക്കാനുള്ള വാശിയില്ല. പക്ഷേ, ആ വാക്കുകളിലുണ്ട് വാസ്തവനാളം. അദ്ദേഹം ഈ വീഡിയോയിൽ പറയുന്നത് കേൾക്കൂ. ലിങ്ക് കമന്റ് ബോക്സിൽ

Top