കന്യാസ്ത്രീകളുടെ സമരം; അധികാര പദവിയിലിരിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് സഹതാപമെന്ന് ശാരദക്കുട്ടി

saradakutty

കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. നിരാഹാരമിരിക്കുന്ന സ്ത്രീയുടെ ശരീരം വഴിയേ പോകുന്ന എല്ലാത്തരം രോഗങ്ങളെയും കാന്തം പോലെ വലിച്ചെടുക്കും. അവസാന നിമിഷത്തിലെങ്കിലും അങ്ങോട്ടു പോകാന്‍ കഴിയാതിരിക്കുന്ന, അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് സഹതാപമുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സമരപ്പന്തലിൽ സ്ത്രീകൾ നിരാഹാരമിരിക്കുമ്പോൾ ഞാനോർക്കുന്നത്, സമയത്തു വേണ്ടത്ര ആഹാരം കഴിക്കാതിരുന്നാൽ കോച്ചി വലിച്ച് പെട്ടെന്നു ഭക്ഷണത്തിന്റെ ആവശ്യം വിളിച്ചു പറയുന്ന എന്റെ കൈകാലുകളെക്കുറിച്ചാണ്.നിരാഹാരമിരിക്കുന്ന സഹോദരിമാരുടെ കൈകാലുകൾ കോച്ചിപ്പിടിക്കുന്നുണ്ടാകും. നാൽപതു കഴിഞ്ഞ സ്ത്രീയുടെ ശരീരം വഴിയേ പോകുന്ന എല്ലാത്തരം രോഗങ്ങളെയും കാന്തം പോലെ വലിച്ചെടുക്കും.

സമയത്ത് വെള്ളം കുടിക്കാതിരുന്നാൽ മൂത്രനാളികളിൽ പഴുപ്പുണ്ടാവുകയും അസഹ്യമായ വേദന കൊണ്ട് നീറുകയും ചെയ്യും.. മൂത്രമൊഴിക്കുമ്പോൾ അയ്യോ എന്ന് അലറിക്കരഞ്ഞു പോകും. ഒരിക്കലെങ്കിലും അതനുഭവിച്ചിട്ടുള്ളവർ നിരാഹാരമിരിക്കുന്ന സ്ത്രീകളെ കാണുമ്പോൾ ആ വേദന സ്വന്തം ശരീരത്തിലനുഭവിക്കും. ഞാനതനുഭവിക്കുന്നുണ്ട്.

അവർക്കും സർക്കാരിനു മേൽ അവകാശങ്ങളുണ്ട്. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിലെ ഒരുക്കങ്ങളിൽ കാണുന്ന ആർഭാടങ്ങൾ ആശങ്കയുണ്ടാക്കുന്നു. തെരുവിൽ സ്ത്രീകൾ നീതിക്കുവേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും ഇരിക്കുമ്പോൾ അവർക്ക് ഒരാശ്വാസവും ബലവുമായി സർക്കാരിനെ പ്രതിനിധീകരിച്ച് ഒരാൾ പോലും, ഒരു സ്ത്രീ പോലും പന്തലിലെത്തുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നു.

നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്നു പറയാൻ അവസാന നിമിഷത്തിലെങ്കിലും അങ്ങോട്ടു പോകാൻ കഴിയാതിരിക്കുന്ന, അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓർത്ത് സഹതാപമുണ്ട്.

P. ഗീതക്കും മറ്റു സഹോദരിമാർക്കും അഭിവാദ്യങ്ങൾ

Top