പിടി വിടാതെ മോദി ; കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ക്കെതിരെ സിബിഐയുടെ സമന്‍സും

കൊല്‍കത്ത: ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്തയാളായി വിലയിരുത്തപ്പെടുന്ന മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിന് സിബിഐ സമന്‍സ് നല്‍കി. കൊല്‍ത്തയിലെത്തിയാണ് സിബിഐ സമന്‍സ് നല്‍കിയത്.

കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ രാജീവ് കുമാര്‍ തയ്യാറാകണമെന്നും, നാളെ സിബിഐക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും സിബിഐ സംഘം ആവശ്യപ്പെട്ടു.

കേസില്‍ രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജീവ് കുമാര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി രാജീവ്കുമാര്‍ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

നേരത്തേ രാജീവിന് അറസ്റ്റിൽ നിന്ന് സുപ്രീംകോടതി സുരക്ഷ നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ നിയമപ്രകാരം അദ്ദേഹത്തെ കസ്റ്റഡിയിൽവച്ച് ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശാരദാ- റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളിൽ തെളിവുകൾനശിപ്പിച്ചെന്നും രാഷ്ട്രീയരംഗത്തെ ഉന്നതവ്യക്തികളെ സംരക്ഷിച്ചെന്നുമാണ് രാജീവിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

Top