സരബ്ജിത് കൊല്ലപ്പെട്ട കേസ്; പ്രതികളെ വെറുതെ വിട്ട് പാക്കിസ്ഥാന്‍ കോടതി

ലാഹോര്‍: ഇന്ത്യക്കാരന്‍ പാക്കിസ്ഥാന്‍ ജയിലില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പാക്ക് കോടതി വെറുതെ വിട്ടു. സരബ്ജിത് സിങ് എന്ന പഞ്ചാബ് സ്വദേശിയെ പാക്കിസ്ഥാന്‍ ജയിലിനുള്ളില്‍ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളായ അമിര്‍ തണ്ട്ബ, മുദാസിര്‍ മുനിര്‍ എന്നിവരെയാണ് ലാഹോര്‍ പാക് കോടതി വെറുതെ വിട്ടത്.

കോട്ട്‌ലഖ്പത് ജയിലില്‍ സരബ്ജിത് സിങ്ങിനൊപ്പമുണ്ടായിരുന്നു ഇരുവരും. സരബ്ജിത് സിങ്ങിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സാക്ഷിമൊഴികള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ദൃക്‌സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികളെ വെറുതെവിടാന്‍ കാരണമായത്.

1990ലെ ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ ഇദ്ദേഹത്തെ തടവലാക്കി വധ ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2013ല്‍ ജയിലിനുള്ളില്‍ വെച്ചുണ്ടായ ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റ് സരബ്ജിത് മരണപ്പെട്ടു.

സരബ്ജിത്തിനെ ജയില്‍ മോചിതനാക്കാന്‍ ഇന്ത്യ നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനിടെയാണ് ജയിലിനുള്ളില്‍ വെച്ച് സരബ്ജിത് കൊല്ലപ്പെടുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായി. രാജ്യാന്തര സമ്മര്‍ദ്ദമുണ്ടായിട്ടും കേസ് അന്വേഷണം ക്രിത്യമായ രീതിയില്‍ നടത്താന്‍ പാകിസ്ഥാന്‍ തയ്യാറാകാതിരുന്നതാണ് കേസില്‍ നിന്നും പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം.

Top