തോക്ക് നിയന്ത്രണത്തില്‍ നിന്ന് ട്രംപ് പുറകോട്ട് പോയിട്ടില്ലന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്

Sarah Sanders

വാഷിങ്ടണ്‍: ഫ്‌ളോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ 17 പേര്‍ വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് തോക്ക് നിയന്ത്രണം നടപ്പാക്കുന്ന കാര്യത്തില്‍ നിന്നും ട്രംപ് പുറകോട്ട് പോയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.

നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ സമ്മര്‍ദത്തിനെ തുടര്‍ന്ന് തോക്ക് നിയന്ത്രണ നിര്‍ദേശങ്ങളില്‍ നിന്നും ട്രംപ് പുറകോട്ടു പോയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രസ് സെക്രട്ടറി സാറാ സാണ്ടേഴ്‌സ് വ്യക്തമാക്കി.

മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുക, സ്വഭാവ പരിശോധന നിര്‍ബന്ധമാക്കുക, സുരക്ഷാ ഭീഷണി ഉണ്ടെന്ന് അറിവു ലഭിച്ചാല്‍ അവരില്‍ നിന്നും തോക്ക് പിടിച്ചെടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ട്രംപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നത്.

ഫെഡറല്‍ നിയമം നിര്‍മ്മിക്കാന്‍ പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ മതിയാകില്ലെന്നും അതിന് എല്ലാ ഭാഗത്തു നിന്നും പിന്തുണ ആവശ്യമാണെന്നും സാറാ പറഞ്ഞു. ഇതു സംബന്ധിച്ചു കോണ്‍ഗ്രസ്സ് അംഗങ്ങളുമായി ട്രംപ് ചര്‍ച്ച നടത്തിവരികയാണെന്നും സാറാ സാന്റേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

Top