പികെ ശശിയെ പുറത്താക്കാതെ പാര്‍ട്ടിയുടെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് സാറ ജോസഫ്

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പികെ ശശിയെ പുറത്താക്കാതെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ്.

ശശിയെ പോലീസിന് കൈമാറണം. ശശി ചെയ്തത് തെറ്റല്ല എന്ന് പറയുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയിലും താന്‍ ഇനി പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി.

പി.കെ ശശി വിഷയത്തില്‍ സി.പി.എം നിയോഗിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

യുവതിയുടെ വാദങ്ങള്‍ അന്വേഷണ കമ്മീഷന്‍ ഖണ്ഡിച്ചു. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വോളന്റിയര്‍മാരെ സജ്ജമാക്കാനാണെന്നും ഓഫീസിലേക്ക് വിളിപ്പിച്ചത് വോളന്റിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നു.

പി.കെ.ശശി പരാതിക്കാരിയോട് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും യുവതിയുടെ ആരോപണത്തിന് ദൃക്സാക്ഷികള്‍ ആരുമില്ലെന്നും തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വെച്ച് ശശി മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്‍കി. ഈ വിഷയങ്ങള്‍ കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top