santhosh trophy

കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വ്വീസസിന് ഗംഭീര തുടക്കം. ദക്ഷിണ മേഖലാ യോഗ്യത മത്സരത്തില്‍ തെലങ്കാനയ്‌ക്കെതിരെ കളത്തിലിറങ്ങിയ സര്‍വ്വീസസ്, എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് തെലങ്കാനയെ തോല്‍പ്പിച്ചത്.

സര്‍വ്വീസസിന് വേണ്ടി അര്‍ജുന്‍ റ്റുഡു, മന്ദീപ് സിങ്ങ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി.

ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ പട്ടാള പടയുടെ മുന്നേറ്റത്തെ തെലങ്കാന 45ാം മിനിറ്റ് വരെ പ്രതിരോധിച്ചു നിന്നു എന്നാല്‍ തുടക്കം മുതല്‍ക്കെ ആക്രമണത്തിലൂന്നിയ സര്‍വ്വീസസിന് മുന്നില്‍ തെലങ്കാനക്ക് പിടിച്ചു നില്‍ക്കാനായില്ല.

തെലങ്കാനയുടെ മുന്നേറ്റത്തില്‍ നിരന്തരം വന്ന പിഴവുകളെ മുതലെടുത്ത സര്‍വ്വീസസ് മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുകയായിരുന്നു. എന്നാല്‍ സര്‍വ്വീസസിന്റെ മുന്നേറ്റങ്ങള്‍ക്ക് ഫലം ലഭിക്കാന്‍ ആദ്യ പാദത്തിന്റെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.

ആദ്യ പകുതിയുടെ അധിക സമയത്ത് മലയാളി താരം ജെയിന്‍ പിയാണ് സര്‍വീസസിനെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയില്‍ തെലുങ്കാനയുടെ പ്രതിരോധ നിരയെ നിസ്സഹായരാക്കി സര്‍വീസസ് കളം നിറഞ്ഞാടിയപ്പോള്‍, തെലങ്കാന നിര കാണികളെ പോലെയായി മാറി. മുഹമ്മദ് ഇര്‍ഷാദയിരുന്നു സര്‍വ്വീസസിന്റെ രണ്ടാം ഗോള്‍ നേടിയത്.

അര്‍ജുന്‍ റ്റുഡുവും, മന്ദീപ് സിങ്ങും ഇരട്ട ഗോളുകള്‍ നേടി സര്‍വ്വീസസിന്റെ ഗോള്‍ വേട്ടയ്ക്ക് കരുത്ത് പകര്‍ന്നു. മത്സരത്തിന്റെ അവസാന ഭാഗങ്ങളില്‍ മലയാളി താരമായ ബ്രിട്ടോയും തെലങ്കാനയുടെ വല കുലുക്കിയതോടെ പട്ടാളപ്പട ഏകപക്ഷീയ വിജയം പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കന്നിയങ്കകാരയ ലക്ഷദ്വീപിനെ തമിഴ്‌നാടാണ് നേരിടുക.

Top