Santhosh Pandit statement

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്ത ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെ വ്യക്തിഹത്യ നടത്തുകയും അവഹേളിക്കുകയും ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. വിരൂപനായ സൂപ്പര്‍സ്റ്റാര്‍ എന്നതുള്‍പ്പെടെ വിശേഷിപ്പിച്ചതും ഏകപക്ഷീയമായി പരിഹാസ കഥാപാത്രമാക്കി ആക്രമിച്ചതുമാണ് ചര്‍ച്ചയായത്.

വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിക്കുന്ന മാധ്യമ പ്രവര്‍ത്തനം എന്റെ അജണ്ടയല്ലെന്നും പരസ്പരം അറിയുന്നവര്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തോടെ ഏറ്റുമുട്ടിയ കോമഡി ഷോ ആയിരുന്നു ഇതെന്നുമാണ് ശ്രീകണ്ഠന്‍ നായരുടെ വിശദീകരണം.

ദയവായി ഈ കോമഡി ഷോയെ ഇന്ത്യാ പാക് യുദ്ധത്തിന്റെ തലത്തില്‍ നിന്ന് അപഗ്രഥിച്ചു തല പുണ്ണാക്കരുതേയെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞിരുന്നു.
sreekondan nair show
ശ്രീകണ്ഠന്‍നായരുടെ വിശദീകരണത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ഏകപക്ഷീയമായ ആക്രമണവും നിലവാരത്തകര്‍ച്ചയും ഉണ്ടാകില്ലെന്ന ഉറപ്പു ലംഘിക്കുന്നതായിരുന്നു ഈ പ്രോഗ്രാം എന്നും സന്തോഷ് പണ്ഡിറ്റ്.

ജോണ്‍ ബ്രിട്ടാസിന്റെ നിലവാരത്തിലേക്ക് ശ്രീകണ്ഠന്‍ നായര്‍ പോയെന്നും പണ്ഡിറ്റ് പറയുന്നു. തന്നെ പ്രകോപിപ്പിച്ച് എതെങ്കിലും ഒരാളുടെ തന്തയ്ക്ക് വിളിപ്പിച്ച് അത് വെച്ച് പ്രമോ ഉണ്ടാക്കലാണ് ഇവരുടെ ഉദ്ദേശ്യമെന്നും പണ്ഡിറ്റ് വെളിപ്പെടുത്തി.

സന്തോഷ് പണ്ഡിന്റെ വാക്കുകളിലേക്ക്

സത്യസന്ധമായി പറഞ്ഞാല്‍ റേറ്റിംഗ് വേണ്ടി ഏത് നിലയ്ക്കും തരം താഴുക എന്ന ശൈലിയാണ് ചാനലുകാരുടേത്. നേരത്തെ തയ്യാറാക്കിയ സ്‌ക്രിപ്ട് പ്രകാരമാണ് ടോക് ഷോ ഉള്‍പ്പെടെ നടക്കുന്നത്.

എന്നെ അതിഥിയായി ക്ഷണിച്ചാല്‍ എന്റെ തൊട്ടടുത്ത് ആര് ഇരിക്കണം. ആരൊക്കെ എന്തൊക്കെ എന്നോട് സംസാരിക്കണം എന്നത് വരെ മുന്‍കൂട്ടി തയ്യാറാക്കും.

പല പ്രോഗ്രാമുകളുടെ അനുഭവത്തില്‍ നിന്ന് ഇക്കാര്യം മനസ്സിലായപ്പോള്‍ ഇനി ഇങ്ങനെയുള്ള പ്രോഗ്രാമിലേക്ക് എന്നെ ക്ഷണിക്കേണ്ടെന്ന് ഞാന്‍ ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍മാരെ അറിയിച്ചിട്ടുണ്ട്.

ബോധപൂര്‍വ്വം എന്നെ പ്രകോപിപ്പിക്കാന്‍ അവിടെയെത്തുന്ന മറ്റ് അതിഥികളെ ചുമതലപ്പെടുത്താറാണ് പതിവ്. ഇതേ അവസ്ഥയായിരുന്നു ശ്രീകണ്ഠന്‍ നായര്‍ ഷോയിലും സംഭവിച്ചത്.

അവിടെ വന്ന മിമിക്രിക്കാര്‍ക്ക് ഉച്ചഭക്ഷണം കിട്ടും, അതിഥിയായ സന്തോഷ് പണ്ഡിറ്റിന് കുറച്ച് കാശ് കിട്ടും, പ്രോഗ്രാം എയര്‍ ചെയ്യുന്നതോടെ ചാനലുകാര്‍ക്ക് നല്ല പരസ്യവും കിട്ടും. റേറ്റിംഗും ഉണ്ടാക്കാം.

തുടക്കം മുതല്‍ സന്തോഷ് പണ്ഡിറ്റിനെ ചൊറിയണം എന്ന് ചട്ടം കെട്ടി കുറച്ച് പേരെ നിര്‍ത്തും. അപ്പോള്‍ നിങ്ങള്‍ ചോദിക്കും ഇതൊക്കെ അറിയാമായിരുന്നിട്ടും എന്തിനാണ് വീണ്ടും ചാനല്‍ ഷോകളില്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുക്കുന്നത് എന്ന്.

എന്നെ വിളിക്കുന്നവരോടെല്ലാം ഞാന്‍ പറയാറുണ്ട്. ചേട്ടാ, വെറുതെ തറയാക്കേണ്ട ഞാന്‍ പങ്കെടുക്കുന്നില്ല എന്ന്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതാണ് വേണ്ടത് എന്നായിരിക്കും അവരുടെ മറുപടി. ചിലരെല്ലാം എന്റെ അഭ്യര്‍ത്ഥന കേട്ടിട്ടുമുണ്ട്.

മാര്‍ക്കറ്റിംഗിനെ ആശ്രയിച്ചാണ് ഇതെല്ലാം എന്നാണ് അവര്‍ പറയുന്നത്. എന്നെ പോസിറ്റീവായി അവതരിപ്പിച്ച പരിപാടികള്‍ക്കും പ്രേക്ഷകരുടെ പിന്തുണ ഉണ്ടായിട്ടുണ്ട്. ഫ്‌ളവേഴ്‌സില്‍ തന്നെ കോമഡി ഫെസ്റ്റിവലിലും സ്മാര്‍ട്ട് ഷോയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അതില്‍ ഞാന്‍ പാടി പാട്ട് ഹിറ്റുമായി.

ഉത്രാടത്തിന് സംപ്രേഷണം ചെയ്യുന്ന പരിപാടിയെന്ന് പറഞ്ഞാണ് ഫ്‌ളവേഴ്‌സില്‍ നിന്ന് വിളിച്ചത്. ഞാന്‍ വരില്ലെന്ന് പറഞ്ഞപ്പോള്‍ ‘ഓണപ്പരിപാടി ഞങ്ങള്‍ക്ക് തറയാക്കുമെന്ന് സന്തോഷ് സാറിന് തോന്നുന്നുണ്ടോ’ എന്ന് അവര്‍ ചോദിച്ചു. നല്ല കാശും തരാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിക്കുകയായിരുന്നു.

ഫ്‌ളവേഴ്‌സില്‍ ഈ പ്രോഗ്രാം വന്നാല്‍ എന്റെ പേരിലാണ് ആള്‍ക്കാര്‍ കാണുന്നതെന്ന് എനിക്ക് നന്നായി അറിയാം. കൗണ്ടറിനെയും മറുകൗണ്ടറിനെയും കുറിച്ചാണ് പരിപാടി. അപ്പോള്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുക്കണ്ടേ എന്നാണ് അവര്‍ ചോദിച്ചത്.

അവിടെ ചെന്നപ്പോഴാണ് സംഗതി പിടികിട്ടിയത്. വന്നവരിലേറെയും മിമിക്രിക്കാരാണ്. ഇത് ഫ്‌ളവേഴ്‌സിന്റെ പതിവ് രീതിയല്ല ഏഷ്യാനെറ്റിന്റെ ശൈലിയാണ് എന്നെനിക്ക് മനസിലായി.

സൂര്യയിലും മഴവില്‍ മനോരമയിലും ഇതേവരെ വന്ന ഏതെങ്കിലും പ്രോഗ്രാമില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ അതില്‍ സംസ്‌കാരമില്ലായ്മ നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? മാന്യമായി എന്റെ ഭാഗം പറയാനുള്ള അവസരം അവര്‍ തന്നിട്ടുണ്ട്.

ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ നേരത്തെ ഞാന്‍ പങ്കെടുത്തപ്പോള്‍ നല്ലതായിരുന്നു. അതിന്റെ അനുഭവത്തിലാണ് ഇത്തവണ പങ്കെടുത്തത്.

ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച നമ്മള്‍ തമ്മില്‍ ഷോയില്‍ ഉണ്ടായ അതേ മോശം അനുഭവമാണ് ഇവിടെ ഉണ്ടായത്. എന്റെ തൊട്ടടുത്ത് മിമിക്രി ആര്‍ട്ടിസ്റ്റ് സുബിയെ ഇരുത്തി പരിപാടിയില്‍ ഉടനീളം എന്നെ പ്രകോപിപ്പിക്കുകയായിരുന്നു ബ്രിട്ടാസ് ചെയ്തത്.

ബ്രിട്ടാസ് അവതരിപ്പിക്കുന്ന ഷോയുടെ നിലവാരമില്ലായ്മയിലേക്ക് ശ്രീകണ്ഠന്‍ നായര്‍ ഷോയും വന്നുവെന്നാണ് എനിക്ക് തോന്നിയത്. ബ്രിട്ടാസിനെക്കാള്‍ സംസ്‌കാരമുള്ള അവതാരകനാണ് ശ്രീകണ്ഠന്‍ നായര്‍ എന്നതിനാല്‍ കൈവിട്ടുപോയില്ല.

സന്തോഷ് പണ്ഡിറ്റിനെ പ്രകോപിപ്പിച്ച് എതെങ്കിലും ഒരാളുടെ തന്തയ്ക്ക് വിളിപ്പിച്ച് അത് വച്ച് പ്രമോ ഉണ്ടാക്കലാണ് ഇവരുടെ ഉദ്ദേശ്യം.

ബ്രിട്ടാസിനേക്കാള്‍ നിലവാരം ശ്രീകണ്ഠന്‍ നായര്‍ക്കുണ്ടെന്ന് പറയാന്‍ ഒരു കാരണം കൂടിയുണ്ട്. ശ്രീകണ്ഠന്‍ നായര്‍ ഷോയുടെ തുടക്കത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. സന്തോഷിനോട് ഞാന്‍ കൗണ്ടര്‍ ചോദിക്കില്ല, സ്മാര്‍ട്ട് ഷോയില്‍ വേണ്ടത്ര എനിക്ക് കിട്ടിയതാണ് എന്ന്.

ആ ഷോയില്‍ എന്നോട് ശ്രീകണ്ഠന്‍ നായര്‍ സാര്‍ ചോദിച്ചു. സന്തോഷ് പണ്ഡിറ്റ് മണ്ടനാണോ വിവരമുള്ളവനാണോ എന്ന്. നമ്മള്‍ നാലോ അഞ്ചോ പരിപാടി ഒരുമിച്ച് ചെയ്തു. ഇനിയും സാറിന് സംശയമുണ്ടോ എന്നായിരുന്നു എന്റെ മറുപടി.

ഞാന്‍ കരുതി അദ്ദേഹം ചാനല്‍ മേധാവി ആയതിനാല്‍ ആ ഭാഗം കട്ട് ചെയ്താവും ടെലികാസ്റ്റ് ചെയ്യുകയെന്ന്. പക്ഷേ ആ ഭാഗം അദ്ദേഹം എഡിറ്റ് ചെയ്യാതെ സംപ്രേഷണം ചെയ്തു. അതില്‍ അദ്ദേഹത്തിനോട് എനിക്ക് ബഹുമാനമുണ്ട്.

ചേട്ടാ അനുഗ്രഹീത കലാകാരന്‍മാര്‍ എന്ന് ഞങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ പറയണമെന്ന് അവതാരകരോട് മിമിക്രിക്കാര്‍ പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ അടുത്തിരിക്കുന്ന മിമിക്രിക്കാരന്‍ എ്‌ന്നോട് ചോദിച്ചു.

മമ്മൂട്ടിയെ അനുകരിക്കുന്നയാള്‍ മമ്മൂട്ടിയെ പോലെ അല്ല നടക്കുന്നത്. നീഗ്രോയെ അനുകരിക്കുന്ന നിങ്ങള്‍ എല്ലായ്‌പ്പോഴും നീഗ്രോയെ പോലെ നടക്കണോ എന്ന്. ഇതെല്ലാം ഇവരുടെ അസഹിഷ്ണുതയല്ല, വിവരമില്ലായ്മ കൂടിയാണ്.

Top