santhosh madhavan – land – may 18 report – court

മൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ സ്വകാര്യ കമ്പനിക്ക് മിച്ചഭൂമി പതിച്ചു നല്‍കിയ കേസില്‍ മേയ് 18ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു.

കേസ് ഇന്നു പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു മാസത്തെ സമയം കൂടി വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പായതിനാല്‍ കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് കഴിഞ്ഞില്ലെന്നും അതിനാലാണ് സമയം നീട്ടിച്ചോദിക്കുന്നതെന്നും വിജിലന്‍സ് വ്യക്തമാക്കി.

എന്നാല്‍, വിജിലന്‍സിന്റെ ആവശ്യം തള്ളിയ കോടതി 18ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ബംഗളുരുവിലെ ആര്‍.എം.ഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് എറണാകുളം പുത്തന്‍വേലിക്കര വില്ലേജിലും കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്ലേജിലുമായി 112 ഏക്കര്‍ മിച്ചഭൂമി പതിച്ചു നല്‍കിയെന്നാണ് പരാതി.

കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ മന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മാര്‍ച്ച് 30 നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിത അന്വേഷണത്തിന് ഉത്തരവിട്ടത്. സന്തോഷ് മാധവന്‍ ഇടനിലക്കാരനായി നിന്നാണ് കമ്പനിക്ക് ഭൂമി ലഭ്യമാക്കിയതെന്നും പരാതിയില്‍ പറയുന്നു.

Top