ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഏകീകൃത ബൈലോ ഏര്‍പ്പെടുത്തണം; സന്തോഷ് കരുണാകരന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഏകീകൃത ബൈലോ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം സന്തോഷ് കരുണാകരന്‍. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലെ ചില ഭാരവാഹികള്‍ രണ്ട് പതിറ്റാണ്ട് ആയി പദവികളില്‍ തുടരുകയാണെന്നും ഏകീകൃത ബൈലോ ഇല്ലെങ്കില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സന്തോഷ്.

കേരളത്തിലെ 14 ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളില്‍ 12 എണ്ണത്തിലും ഈ വര്‍ഷം ഭാരവാഹി തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏകീകൃത ബൈലോ വേണമെന്ന ആവശ്യവുമായി സന്തോഷ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ കൃത്യമായ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഇല്ലെന്നും ലോധ സമിതി ശുപാര്‍ശ ചെയ്ത കൂളിംഗ് ഓഫ് പീരീഡ് ഇല്ലാത്തതിനാല്‍ ജില്ലാ അസോസിയേഷനിലെ പല ഭാരവാഹികളും വര്‍ഷങ്ങളായി പദവികളില്‍ തുടരുന്നവരാണെന്നും സന്തോഷ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിക്കാണ് തെരഞ്ഞെടുപ്പ് ചുമതല. അതിനാല്‍ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കുകയാണെന്നും സന്തോഷ് പറയുന്നു. നിലവില്‍ ആറ് സംസ്ഥാനങ്ങളില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഏകീകൃത ബൈലോ ആണ്. ഈ സംവിധാനം കേരളത്തിലും ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരായ പൂര്‍ണിമ കൃഷ്ണ, എം.എഫ് ഫിലിപ്പ് എന്നിവര്‍ മുഖാന്തരം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സന്തോഷ് കരുണാകരന്‍ നല്‍കിയ ഹര്‍ജി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഓംബുഡ്സ്മാനിലെ എത്തിക്സ് ഓഫീസര്‍ തള്ളിയിരുന്നു.

Top