കേരളത്തില്‍ ബെന്‍സ് വിപണി വളരുന്നതായി ബെന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സന്തോഷ് അയ്യര്‍

തിരുവനന്തപുരം: കേരളത്തില്‍ ബെന്‍സ് വിപണി വളരുന്നതായി ബെന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സന്തോഷ് അയ്യര്‍. ഇന്ത്യയില്‍ ബെന്‍സ് എത്തിയിട്ട് 30 വര്‍ഷമായി. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ അഞ്ചുശതമാനമെത്തുന്നത് കേരളത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റ 17800 മെഴ്‌സിഡസ് ബെന്‍സ് കാറുകളില്‍ 900 എണ്ണവും കേരളത്തിലാണ്.

മെഴ്സിഡസ് ബെന്‍സ്, ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജുമായി സഹകരിച്ചു നടത്തുന്ന ഒരു വര്‍ഷത്തെ മെക്കാട്രോണിക്‌സ് അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിന്റെ പത്താം വര്‍ഷ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തിയതായിരുന്നു സന്തോഷ് അയ്യര്‍.

കഴിഞ്ഞ വര്‍ഷം രാജ്യത്താകെ 10% വളര്‍ച്ച മെഴ്‌സിഡസ് ബെന്‍സ് നേടിയപ്പോള്‍ കേരളത്തില്‍ അത് 18% ആയിരുന്നു. രാജ്യത്താകെ 4% വില്‍പന നടക്കുമ്പോള്‍ കേരളത്തില്‍ 10 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ബെന്‍സിന്റെ കേരളത്തിലെ സാധ്യതകള്‍ സന്തോഷ് അയ്യര്‍ വിശദീകരിച്ചത്.

Top